ആയമ്മക്ക് പറ്റിയ അമളി: Naomi Campbell Congratulates Malaria, sorry Malala

ഒരബദ്ധം ആര്‍ക്കും പറ്റും, എന്നാലും ഇങ്ങനെയൊക്കെ പറ്റാന്‍ പാടുണ്ടോ.

മലാലയെ അറിയാത്തവരായി അധികമാരും തന്നെ കാണില്ല, ലോകം മുഴുവനും പ്രാര്‍ഥനയോടെയാണ് ആ പെണ്‍കുട്ടിയുടെ ഓപ്പറേഷന്‍ സമയത്ത് കൂട്ടിരുന്നത്. ആശുപത്രിയിലായിരുന്നപ്പോഴും, അതിനു ശേഷവും ലക്ഷക്കണക്കിന്‌ കത്തുകളാണ് അവള്‍ക്ക് ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി കിട്ടികൊണ്ടിരുന്നത്. UNലെ അവളുടെ പ്രസംഗം നമ്മളൊക്കെ വളരെ വികാരഭരിതരായി കേള്‍ക്കുകയും ചെയ്തു. എന്തിനു പറയുന്നു, മലാലയുമായോ അവളുടെ ആശയങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത ചില രാഷ്ട്രീയപാര്‍ട്ടികള്‍ വലിയ വലിപ്പത്തിലാണ് മറ്റു മഹാന്മാരുടെ കൂട്ടത്തില്‍ മലാലയുടെ ചിത്രവും സ്വന്തം പോസ്റ്ററുകളില്‍ വച്ചിരുന്നത്. 

നമ്മുടെയൊക്കെ ജന്മശത്രുവായ പാക്കിസ്ഥാന്‍റെ സന്തതിയായിട്ടും ഒരു സഹോദരിയായി അവളെ കാണാന്‍ നമുക്കൊക്കെ കഴിഞ്ഞത് തന്നെ അവളുടെ ആശയങ്ങളും പോരാട്ടങ്ങളുമാണ്. ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ അവള്‍ക്ക് തന്നെയായിരിക്കുമെന്ന് പലരും നേരത്തെ തന്നെ പ്രവചിച്ചിരുന്നതാണ്. ഭാരതീയനായ കൈലാഷ് സത്യാര്‍ഥിയുടെ വിജയത്തിന്‍റെ പ്രഭയില്‍ മലാലയുടെ ജയം നമ്മള്‍ അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്തില്ലെങ്കിലും ആ വിജയം അര്‍ഹിക്കുന്നതാണെന്നതില്‍ ആര്‍ക്കും സംശയമില്ല.





അങ്ങിനെ ലോകത്തിന്‍റെ ഓമനയെന്ന് പറഞ്ഞ് പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ തലയില്‍ കൊണ്ടുനടന്ന മലാലയുടെ വിജയത്തെ നെയോമി കാമ്പല്‍ എന്ന ബ്രിട്ടീഷ് സൂപ്പര്‍ മോഡല്‍ അഭിനന്ദിച്ചപ്പോള്‍ ചെറിയൊരു കൈപ്പിഴ പറ്റി.

Congratulations Malala എന്ന് പറയുന്നതിന് പകരം Congratulations Malaria എന്നാണവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വല്യ കാര്യത്തില്‍ പോസ്റ്റ് ചെയ്തത്. അത് അപ്പോള്‍തന്നെ ഓട്ടോമാറ്റിക്കായി ട്വിറ്റെറിലേക്ക് ഷെയര്‍ പോയി മിനിറ്റുകള്‍ കൊണ്ട് അനവധി റീട്വീറ്റും സ്ക്രീന്‍ഷോട്ടെടുത്ത് മറ്റു സൈറ്റുകളില്‍ ഷെയറുകളും വന്നു കഴിഞ്ഞിരുന്നു, എന്നിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് നെയോമി മണ്ടത്തരം മനസിലാക്കിയത്. അവസാനം ഡാര്‍ലിംഗ്, മുത്തേ, പൊന്നേ എന്നൊക്കെ വിളിച്ച് ഒരുവിധം തടിയൂരി.


സത്യത്തില്‍ ആയമ്മക്ക് പറ്റിയ പറ്റിനെക്കുറിച്ച് എഴുതണ്ടാന്ന് തന്നെയാണ് കരുതിയിരുന്നത്, നെയോമി കാമ്പല്‍ എന്ന സൂപ്പര്‍ മോഡലിന്‍റെ അമളികളെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ അതൊരു സീരീസായി എഴുതേണ്ടി വരും, അതിനു മാത്രമുണ്ട് കഥകള്‍. പക്ഷെ ഇത്തവണ ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ ആയമ്മയെ ലോകം കല്ലെറിയുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ വയ്യെന്നായി. ഇതൊന്നും ആരും കാണില്ലാന്നറിയാം, എന്നാലും ഒരു സമാധാനം.


പതിനഞ്ചാം വയസ്സിലാണ് നെയോമി മോഡലായി അരങ്ങേറ്റം കുറിക്കുന്നത്, അതിനു ശേഷം ഈ നാല്‍പ്പത്തിനാലാം വയസ്സ് വരെയുള്ള നീണ്ട കരിയറില്‍ അവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടായി ലോകം വാഴ്ത്തുന്ന, ലക്ഷങ്ങള്‍ മാതൃകയാക്കുന്ന സൂപ്പര്‍ മോഡല്‍. ഒരു മോഡലെന്നതിലുപരി പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളി, സ്വന്തമായി ഒരു നോവലെഴുതുകയും, മ്യൂസ്സിക്ക് ആല്‍ബമിറക്കുകയും, കുറച്ചു സിനിമകളിലും ടീവി പ്രോഗ്രാമുകളിലും മുഖം കാണിക്കുകയും ചെയ്തിട്ടുണ്ട്. 


ഇതൊക്കെ അവരെക്കുറിച്ച് ആരാധകര്‍ എന്നും ഓര്‍ക്കാനിഷ്ട്ടപ്പെടുന്ന കാര്യങ്ങള്‍, ഇതല്ലാതെ വേറെ കുറേ വിശേഷങ്ങള്‍ കൂടെയുണ്ട്.

അഞ്ചു വര്‍ഷത്തോളം കൊക്കൈന് അടിമപ്പെട്ടിരുന്ന നെയോമി ഒരുതവണ പരസ്യമായും പലതവണ രഹസ്യമായും അതിന്‍റെ പേരില്‍ ചികിത്സിക്കപ്പെട്ടിട്ടുണ്ട്, പലയിടത്തും ഓപ്പണായി അക്കാര്യം സമ്മതിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. വസ്ത്രം മാറുന്നത് പോലെയായിരുന്നു അവര്‍ പുരുഷന്മാരെ മാറിക്കൊണ്ടിരുന്നത് അതും പ്രമുഖന്മാരെയടക്കം. മൈക്ക് ടൈസനുമായും, റോബര്‍ട്ട്‌ ഡി നീറോയുമായൊക്കെ അവര്‍ കറങ്ങിയിരുന്നത് സമയത്ത് മാധ്യമങ്ങള്‍ക്ക് ശെരിക്കും പെരുന്നാളായിരുന്നു.

പക്ഷെ അവര്‍ പങ്കാളിയായിട്ടുള്ള പല പ്രവര്‍ത്തനങ്ങളുടെയും ലിസ്റ്റെടുത്ത് നോക്കിയാല്‍ അതിനെയൊക്കെ പബ്ലിസിറ്റി സ്റ്റണ്ടായി പലരും വിലയിരുത്തുമെങ്കിലും നെയോമി പറയിപ്പിച്ചിട്ടുള്ളതിനെക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നമുക്ക് മനസിലാക്കാം. 


ഫീല്‍ഡില്‍ വര്‍ണവിവേചനം കൊടികുത്തി വാണിരുന്ന സമയങ്ങളില്‍ ടോപ്‌ മോഡലായി നെയോമി അറിയപ്പെട്ടിരുന്നെങ്കിലും അവരുടെ നിറത്തിന്‍റെ പേരില്‍ ഒരുപാട് അവഗണിക്കപ്പെട്ടിട്ടുണ്ട്, അന്നൊക്കെ പല കോസ്മെറ്റിക്ക് ബ്രാന്‍ഡുകളും നെയോമിയെ മോഡലാക്കാന്‍ വിസമ്മതിച്ചിരുന്നു. അവരെക്കാള്‍ വളരെ താഴ്ന്ന സ്റ്റാറ്റസുള്ള വെളുത്ത മോഡലുകളെ മാറി മാറി ഉപയോഗിക്കുമ്പോഴും നെയോമി അവര്‍ക്കൊരു ഓപ്ഷനെ അല്ലായിരുന്നു. ഒരുപാടുകാലം ഇങ്ങിനെയുള്ള വിവേചനങ്ങള്‍ക്കെതിരെ ഒറ്റയ്ക്ക് നിന്ന് പടപൊരുതിയ നെയോമി അന്നൊക്കെ മാധ്യമങ്ങള്‍ക്ക് ഒരു അധികപ്രസംഗിയായിരുന്നു, ലോകമെമ്പാടുമുള്ള കറുത്ത വര്‍ഗക്കാര്‍ക്ക് ഒരു മാതൃകയും. അതിനോടൊക്കെ പൊരുതി നെയോമി ജയിച്ചു എന്നുതന്നെ പറയാം, അന്ന് നെയോമിയെ തള്ളിപ്പറഞ്ഞ പല ബ്രാന്‍ഡുകളും പിന്നീടവരുടെ ഡേറ്റ് ലഭിക്കാനായി കാത്ത് കിടന്നിരുന്ന കാഴ്ചയാണ് ലോകം കണ്ടത്.



എന്തായാലും ഇപ്പൊ എല്ലാം ഒരു തീരുമാനമായല്ലോ. പണ്ടുമുതലേ അബദ്ധങ്ങള്‍ പറ്റുമ്പോള്‍ എന്തെങ്കിലുമൊക്കെ ഒരു കാരണം പറയാന്‍ നെയോമിക്ക് പ്രത്യേക കഴിവാണ്. റാമ്പ് വാക്കിനിടെ കാലുതെറ്റി വീണാല്‍ അവിടിരുന്ന് ചിരിക്കും, പബ്ലിക്കായി വല്ലതും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നാവു പിഴച്ചാല്‍ അത് പിന്നേം തമാശ രൂപത്തില്‍ പറഞ്ഞ് ചിരിക്കും, ഏറ്റില്ലെങ്കില്‍ മുഖം കോടുന്നപോലുള്ള ആക്ഷന്‍ കാണിച്ച് കാണികളുടെ ശ്രദ്ധമാറ്റും. ആകെ മൊത്തം ടോട്ടല്‍ കോമഡിയാണവരുടെ കാര്യങ്ങള്‍.


ഇത്തവണ കുറ്റം ഐ ഫോണിനാണ്. ഫോണിലെ Auto Correct ഓണ്‍ ചെയ്തിട്ട് Malala എന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ Malala മാറി അത് Malaria ആയതാണെന്നും, അബദ്ധത്തില്‍ അത് തന്നെ പോസ്റ്റിയതാണെന്നുമാണ് കാരണമായി പറയുന്നത്. ഇടയ്ക്കിടെ പറഞ്ഞ കാരണത്തില്‍ ചിലതൊക്കെ ആഡും എഡിറ്റും കഴിയുന്നപോലെ ചെയ്തിട്ടുണ്ട്.

ഒരു വ്യക്തിയുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍, അതും മലാലയപ്പോലെ ലോകമറിയുന്നൊരു പെണ്‍കുട്ടിയുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റ് പറ്റുക എന്ന് പറയുന്നതിനെ ഒരു തരത്തിലും നെയോമിക്ക് ന്യായീകരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഷറപ്പോവ സച്ചിനെ അറിയില്ലായെന്ന് പറഞ്ഞപോലെ നെയോമിക്ക് നോബല്‍ സമ്മാനം കിട്ടിയ മലാലയെ അറിയില്ലാന്നു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അറിവില്ലായ്മയല്ല കാരണം, അബദ്ധം പറ്റിയത് തന്നെയാണ്. പക്ഷെ എങ്ങിനെ അബദ്ധം പറ്റി? അവര്‍ക്കിതൊരു വലിയ സംഭവമേ ആയിരുന്നില്ല, മലാലക്ക് നോബല്‍ സമ്മാനം കിട്ടി, എല്ലാവരും ആശംസകള്‍ പോസ്റ്റുന്നു, എനിക്കും ഒരെണ്ണം പോസ്റ്റണം. അങ്ങിനെ ഒരു 'പേരിനു വേണ്ടി' മാത്രം നെയോമി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ട പോസ്റ്റായത് കൊണ്ടായിരിക്കും ഒട്ടും ശ്രദ്ധയില്ലാതെ ഇങ്ങിനെയൊരു തെറ്റ് സംഭവിച്ചത്. അല്ലാതെ മനസ്സറിഞ്ഞുള്ളൊരു ആശംസയായിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമാകുമെന്നല്ലാതെ തെറ്റ് സംഭവിക്കാന്‍ ഒരു ചാന്‍സുമുണ്ടാകില്ല, കാരണം അങ്ങിനെ ഉള്ളൊരു പോസ്റ്റാണെങ്കില്‍ ഒരു വട്ടമെങ്കിലും പോസ്റ്റുന്നതിന് മുന്നേ ആരും വായിച്ചു നോക്കും.



ഇവരെപ്പോലുള്ള ഒട്ടും സമയമില്ലാത്ത പ്രമുഖരായ വ്യക്തികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നോക്കാനായി കൂലിക്ക് ആളെ ഇരുത്തുമെങ്കിലും ഇന്‍സ്റ്റഗ്രാം മാത്രം പലരുടെയും സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന സംഭവമാണ്, അതുപോലെ ട്വിറ്റെറും.

എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു, ട്വിറ്റെറില്‍ പിന്നീടുള്ള രണ്ടു ദിവസം നെയോമിക്ക് നല്ല പെരുന്നാളായിരുന്നു.




 Nobel Prize, Naomi Campbell, Nobel Peace Prize, Malala Yousafzai, Malaria, Malala