Rich Kids Of Tehran: ഇറാനിലെ പണക്കാരുടെ മക്കളും, ഇരട്ട നീതിയും

ഈ ലോകത്ത് പലയിടത്തും പാവപ്പെട്ടവനും പണക്കാരനും രണ്ട് തരത്തിലുള്ള നീതിയാണ് ലഭിക്കുന്നതെന്ന കാര്യം ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ വിശ്വസിച്ചിട്ടില്ല, പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സ്ഥലത്ത് നിന്നും തെളിവുകള്‍ സഹിതമെല്ലാം കാണേണ്ടി വന്നപ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്നായി. അതും ഇസ്ലാം മതത്തിന്‍റെ നിയമങ്ങളില്‍ ജീവിക്കുന്ന ഇറാന്‍ പോലൊരു രാജ്യത്ത് നിന്ന്............

ഇറാനെന്ന രാഷ്ട്രത്തെക്കുറിച്ച് നമുക്കെല്ലാമറിയാം, ഇസ്ലാമിക നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാന്‍. കുറച്ചു കാലത്തേക്കെങ്കിലും അമേരിക്കയെ വീര്‍പ്പുമുട്ടിച്ച നാട്, ഹിജാബ് ധരിക്കാതെ സ്ത്രീകളെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത നാട്, മദ്യവും ലഹരികളും പൂര്‍ണമായും നിരോധിച്ച നാട്, ആയത്തുള്ളാ ഖൊമേനിയുടെ നാട്, അങ്ങിനെ പല വിശേഷങ്ങളും വിശേഷണങ്ങളും ഇറാനെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് പറന്നെത്തും. അവിടത്തെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നാണ് പല ലോക രാഷ്ട്രങ്ങളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും ആരോപണം, പക്ഷെ ഇറാനിയന്‍ സര്‍ക്കാരും അവിടത്തെ ചില സ്ത്രീ സംഘടനകളും ഈ ആരോപണത്തെ പാടേ അവഗണിക്കുകയാണ്. ഇറാനിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും, ജീവിതനിലവാരത്തിലും വളരെ ഉന്നതിയിലാണെന്നാണ് അവരുടെ വാദം. ഒരു ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ ആ പറഞ്ഞത് വളരെ സത്യമാണ്, പക്ഷെ ആ നോക്കേണ്ട ഭാഗമാണ് രസകരം.

ഇറാനിലെ കര്‍ശന നിയമങ്ങള്‍ പൊതുസ്ഥലങ്ങളില്‍ അത്ര പ്രശ്നമില്ലാതെ പാലിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ ഹിജാബും മറ്റു നീണ്ട വസ്ത്രങ്ങളും ധരിച്ചാണ് സഞ്ചരിക്കുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും. യുവ തലമുറയുടെ രീതികളും അത്ര വ്യത്യാസമില്ലായെന്ന് തന്നെയാണ് ഇത്രയും കാലം കരുതിയിരുന്നത്. പക്ഷെ സാധാരണക്കാര്‍ക്കും പണക്കാര്‍ക്കും രണ്ടു നീതിയാണെന്ന കാര്യം ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ വന്ന, പിന്നീട്  അവിടന്ന് ഫേസ്ബുക്കിലേക്കും, ട്വിറ്റെറിലേക്കും പകര്‍ന്ന ചില ചിത്രങ്ങളിലൂടെ ലോകം മൊത്തം പാട്ടായി.

Rich Kids Of Tehran (@RichKidsOfTehran) എന്ന അക്കൌണ്ടിലൂടെ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച ചിത്രങ്ങളാണിത്.


ലോകം ഇത്രയൊക്കെ മുന്നേറിയ ഇക്കാലത്ത് 'ഇതൊക്കെ എന്ത്' എന്ന ചോദ്യമായിരിക്കും ആദ്യം ചോദിക്കാന്‍ പോകുന്നത്. പക്ഷെ ഹോളിവുഡിലൂടെയും, മ്യൂസിക്ക്-വീഡിയോകളിലൂടെയും ഈയൊരു സംസ്ക്കാരത്തെ ലോകത്തിനു മുഴുവന്‍ പകര്‍ന്നു കൊടുത്ത, ഇവയുടെയൊക്കെ കൂത്തരങ്ങായ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ടിട്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ്. ഇതൊക്കെ പണ്ട് സദ്ദാമിന്‍റെ കാലത്ത് ഇറാക്കിലുണ്ടായിരുന്നെങ്കിലും, മതവാദികളുടെ ഈറ്റില്ലമായി അവര്‍ സ്ഥിരം വിമര്‍ശിച്ചിരുന്ന ഇറാനില്‍ നിന്നും ഇങ്ങനൊരു സംഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല.



ഇറാനിലെ, ഒന്നൂടെ കൃത്യമായിപ്പറഞ്ഞാല്‍ തെഹ്റാനിലെ പണവും സ്വാധീനവുമുള്ളവരുടെ മക്കളുടെ ജീവിതം ഈ ചിത്രങ്ങളിലൂടെ കണ്ടാല്‍ ഇന്നത്തെ ടോപ്‌ പോപ്‌ സ്റ്റാര്‍സ് വരെ ചമ്മിപ്പോകും, അത്ര സ്റ്റൈലായിട്ടാണവര്‍ ജീവിതത്തെ ആസ്വദിക്കുന്നത്. നമ്മുടെ മൈലി സൈറസും, വെനെസ്സ ഹഡ്ജന്‍സും, സെലീന ഗോമസുമൊക്കെ പോസ്റ്റുന്ന തരത്തിലുള്ള കിടിലന്‍ സെല്‍ഫികളും, ടോണ്‍ഡ് ശരീരം കാണിക്കുന്ന ബിക്കിനി ഷോട്ടുകളും, നിക്കി മിനാജ് തോല്‍ക്കുന്ന തരത്തിലുള്ള ട്വെര്‍ക്കിങ്ങും എന്നുവേണ്ട അവര്‍ ഒരു പരിധിക്കുള്ളില്‍ നിന്ന് കാണിക്കാത്തതായി ഒന്നുമില്ല. ജസ്റ്റിന്‍ ബീബറെയും, സെയിന്‍ മാലിക്കിനെയുമൊക്കെ വെല്ലുന്ന തരത്തില്‍ പോസ് ചെയ്യുന്ന ആണുങ്ങളും മോശമല്ല.


മികച്ച ഡിസൈനര്‍ വാച്ചുകളും, വസ്ത്രങ്ങളും, സ്പോര്‍ട്സ് കാറുകളും, വിലകൂടിയ മദ്യവും കോക്ക്ടെയിലുമൊക്കെ വിളമ്പുന്ന പാര്‍ട്ടികളും, അങ്ങിനെ സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത പലതും കൊണ്ടുള്ള കളികള്‍. പക്ഷെ ഇതൊക്കെ പ്രൈവറ്റ് ഫോട്ടോകളാണ്, പുറത്തിറങ്ങുമ്പോള്‍ വൃത്തിയായി ഹിജാബൊക്കെ ധരിച്ചാണ് നടക്കുന്നത്. 2013 മുതലുള്ള ആ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വൈറലായി ചിത്രങ്ങള്‍ അവരെടുത്ത് മാറ്റുന്നത് വരെ എഴുപതിനായിരത്തോളം ഫോളോവര്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷം കവിഞ്ഞു.


മേലെ എഴുതിയതൊക്കെ വായിച്ചാല്‍ ഈ സംഭവങ്ങളൊന്നും കിട്ടാന്‍ ഒരു ചാന്‍സുമില്ലാത്തവന്‍റെ അസൂയകൊണ്ടാണ് എഴുതിയതെന്ന് തോന്നാം. 
മ്മ് അസൂയയൊക്കെയുണ്ട്, അതിപ്പോ ആര്‍ക്കാ ഇല്ലാത്തത്. ഇതൊക്കെ കാണുമ്പോള്‍ ആരായാലും മോഹിച്ചു പോകില്ലേ



പക്ഷെ പറയാനുദ്ദേശിച്ച കാര്യം അതല്ല, അവരുടെ രണ്ടു തരം നീതിയുടെ കാര്യമാണ് പറയാന്‍ വന്നത്.

2013 മുതല്‍ ഈ ചിത്രങ്ങള്‍ നെറ്റുലകത്തില്‍ ആവശ്യത്തിന് അലകളുണ്ടാക്കി പാറി നടന്നിട്ടും ഇവര്‍ക്കാര്‍ക്കുമെതിരെ എന്തെങ്കിലും നടപടി പോയിട്ടൊരു വിമര്‍ശനം പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. മുഴുവന്‍ സമയവും നെറ്റ് മോണിറ്റര്‍ ചെയ്ത് സാധാരണക്കാര്‍ സര്‍ക്കാരിനെതിരെയും, ആത്മീയ നേതാക്കള്‍ക്കെതിരെയും, മതത്തിനെതിരെയുമൊക്കെ ഒരു ചെറിയ വിമര്‍ശനമുന്നയിച്ചാല്‍ പോലും പിടിച്ചുകൊണ്ടുപോയി ചാട്ടവാറിനടിക്കുന്ന നാട്ടില്‍, സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ധിച്ചാല്‍ വിപ്ലവകാരിയെന്ന് പറഞ്ഞു ഒറ്റപ്പെടുത്തുന്ന നാട്ടില്‍, പാശ്ചാത്യ രീതികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ പാപികളാണെന്ന് പറയുന്ന ആ നാട്ടില്‍. സമ്പന്നരുടെ മക്കള്‍, ആണും പെണ്ണുമൊക്കെ മദ്യവും, പാര്‍ട്ടികളും, അല്‍പ വസ്ത്രങ്ങളും ഒക്കെയായി അടിച്ചു പൊളിച്ച് ചിത്രങ്ങളെടുത്ത് ലോകത്തെ മുഴുവന്‍ കാണിക്കുമ്പോള്‍ എന്തുകൊണ്ടാരും അതിനെതിരെ ശബ്ധിക്കുന്നില്ല?

അതിന്‍റെ ഉത്തരമായി തെഹ്റാന്‍ നിവാസിയായ യുവാവ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞ കാര്യങ്ങളാണിവ.

"ഇറാനിലെ പ്രമുഖരുടെ മക്കളാണവര്‍, രാജ്യം ഭരിക്കുന്നവരുടെയെന്ന് വേണമെങ്കില്‍ പറയാം. ഭരണം നടത്താന്‍ നേതാക്കന്മാര്‍ക്ക് പട്ടാളവും, മറ്റു സംവിധാനങ്ങളും മാത്രം പോര. അതിനൊക്കെ ധാരാളം പണം വേണം, പണമൊക്കെ എവിടെന്നാണ് വരുന്നത്? എല്ലാറ്റിനും ഫണ്ട് ചെയ്യുന്നത് ഇവരാണ്, അതായത് രാജ്യത്തെ പ്രമുഖ ബിസിനസുകാരും, ബിസിനസുകള്‍ നിയന്ത്രിക്കുന്നവരും. അവര്‍ക്കും അവരുടെ മക്കള്‍ക്കും യാതൊരു പ്രശ്നവുമില്ലാതെ നോക്കാന്‍ ഭരിക്കുന്നവര്‍ തന്നെ മുന്‍കൈ എടുക്കുന്നുണ്ട്, ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തന്നെ അവരെ ഒരു കുഴപ്പവുമില്ലാതെ രാജ്യം കടത്താനും അറിയാം. ആ കുട്ടികളില്‍ ചിലര്‍ ഇറാനില്‍ സ്ഥിരതാമസക്കാരല്ല, പുറത്ത് പഠിക്കുന്നവരാണ്"



ഇറാനിലെ ശെരിക്കുള്ള അവസ്ഥ മനസിലാക്കണമെങ്കില്‍ കാര്യങ്ങള്‍ നേരത്തെ പറഞ്ഞപോലെ ജെനറലായി പറഞ്ഞിട്ട് കാര്യമില്ല, കഴിഞ്ഞ മാസം അവിടെ നടന്നൊരു സംഭവം ഇറാനിലെ ഇരട്ടനീതിയുടെ ഉത്തമ ഉദാഹരണമാണ്.

ഫാരല്‍ വില്ല്യംസിന്‍റെ ഹാപ്പി എന്ന ഗാനം നമ്മുടെ നാട്ടില്‍ പോലും സൂപ്പര്‍ ഹിറ്റാണല്ലോ. ആരാധകര്‍ ഉണ്ടാക്കിയ അതിന്‍റെ പല വേര്‍ഷനിലുള്ള വീഡിയോകള്‍ പോലും ജനങ്ങള്‍ ഹിറ്റാക്കിയിട്ടുണ്ട്. നുമ്മട കൊച്ചിയില്‍ ചുങ്കന്മാരുടെ വേര്‍ഷനും, യുവ സെലിബ്രിറ്റികളുടെ വേര്‍ഷനും വരെയിറങ്ങിയ ആ പാട്ടിന്‍റെ ഒരു ഇറാന്‍ വേര്‍ഷന്‍ കുറച്ചു ഫ്രീക്കന്മാര്‍ അവിടെ ഉണ്ടാക്കിയിരുന്നു, സംഭവം തരക്കേടില്ലാത്ത രീതിയില്‍ ഫേമസാവുകയും ചെയ്തു.  


സംഭവം വൈറലായ ഉടനെ തന്നെ പോലീസ് ആ വീഡിയോ ചെയ്ത ഏഴു പേരെയും പിടിച്ച് പട്ടും വളയും കൊടുത്തു. വീഡിയോയില്‍ മുഖം മറക്കാത്ത പെണ്ണുങ്ങളെയും കൊണ്ട് ഡാന്‍സ് കളിച്ചതിന് ആറു പേര്‍ക്ക് ആറു മാസം വീതം തടവും, 91 ചാട്ടയടിയും. പാവം സംവിധായകന് ഒരു വര്‍ഷം തടവും അത്രയും തന്നെ അടിയും. ശിക്ഷ കോടതി പിന്നീട് സ്റ്റേ ചെയ്തെങ്കിലും അവരെ ഏഴു പേരെയും പോലീസുകാര്‍ മൂന്ന് ദിവസത്തോളം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. പലതരത്തില്‍ പീഡിപ്പിച്ചെന്നും, ഒരു പെണ്‍കുട്ടിയെ വനിതാ പോലീസുകാര്‍ നഗ്നയാക്കി ദേഹപരിശോധന നടത്തിയെന്നുമുള്ള വാര്‍ത്ത വന്നതിനു ശേഷം സൈബര്‍ ലോകത്ത് അവരുടെ നീതിക്ക് വേണ്ടിയുള്ള മുറവിളി ഉയരുകയാണ്. കോടതിയുടെ സ്റ്റേ എന്നുവേണമെങ്കിലും നീങ്ങാമെന്ന ഭയം വേറെയും.

ഇതൊക്കെയാണ് അവിടത്തെ കാര്യങ്ങള്‍? ഇങ്ങിനെ എത്രയെത്ര സംഭവങ്ങള്‍.

ഇതിനിടെ Rich Kids Of Tehranനു മറുപടിയുമായി മറ്റൊരു കിടിലന്‍ അക്കൗണ്ട് കൂടി ഇന്‍സ്റ്റഗ്രാമില്‍ വന്നു, അതാണ്‌ Poor Kids of Tehran. പണക്കാരുടെ പോഷ് ചിത്രങ്ങള്‍ക്ക് മറുപടിയായി നഗരത്തിലെ കുരുന്നുകളുടെ കഷ്ട്ടപ്പാടുകള്‍ ചിത്രീകരിച്ച് കൊണ്ടുള്ള ചിത്രങ്ങളും, പണക്കാരുടെ മുടിഞ്ഞ ലക്ഷ്വറിയും പാവങ്ങളുടെ ദയനീയ അവസ്ഥയും തമ്മിലുള്ള അന്തരം കാട്ടുന്ന ചിത്രങ്ങളും ഒക്കെയാണതില്‍. 


സംഭവങ്ങള്‍ കൈവിട്ടു പോയെന്നറിഞ്ഞപ്പോള്‍ Rich Kids Of Tehran ഇപ്രകാരമൊരു വിശദീകരണമിട്ടിരുന്നു,

"We Love our city of Tehran. We are in no way trying to put a difference between rich and poor. We are trying to show the world how beautiful Tehran and people from Tehran are. The Middle East is always on TV receiving negative attention and we just wanted to show that Tehran is not like that. This page is in no way political and we never had any bad intentions. We never thought the page would make headlines all over the world. Some of the people featured in this Instagram account don't live in Iran. #richkidsoftehran #welovetehran"

അവിടെ ആളുകൂടാന്‍ തുടങ്ങിയപ്പോള്‍ പ്രൊഫൈലിലെ ചിത്രങ്ങളും നീക്കം ചെയ്തു.



സംഭവങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് മുഖം രക്ഷിക്കാനെങ്കിലും ഇറാന്‍റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അല്ലാതിപ്പോ എന്ത് പറയാനാ.....


Rich Kids of Tehran, Rich Kids of Instagram, Iran Social Media, Instagram, Poor Kids of Tehran