സിനിമയുടെ ബാല്യവും റേഡിയോയുടെ സുവര്‍ണ കാലഘട്ടവും

സിനിമാ വ്യവസായം ഇന്നുവരെ നേരിട്ട വെല്ലുവിളികളുടെ മുന്‍നിരയില്‍ കൊടിയും പിടിച്ചു ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുന്നയാളാണ് റേഡിയോ. സിനിമാവ്യവസായത്തിന്‍റെ ബാല്യ/കൌമാര കാലത്തില്‍ത്തന്നെ റേഡിയോ അവതരിച്ചതോടെ ആളുകള്‍ തിയേറ്ററില്‍ പോയി സിനിമ കാണല്‍ ഉപേക്ഷിച്ച് കുടുംബത്തോടെ വീട്ടിലിരുന്ന് പാട്ടുപെട്ടി കേള്‍ക്കാന്‍ തുടങ്ങി. വളര്‍ച്ചയുടെ സമയം തന്നെ ഇങ്ങിനെയൊരു ഭീഷണി, അല്ലെങ്കില്‍ തിരിച്ചടി. ആദ്യം അല്‍പമൊക്കെ പതറിയെങ്കിലും തോറ്റുകൊടുക്കാന്‍ സിനിമ തയ്യാറായില്ല. അതിനൊക്കെ തിരിച്ചടികള്‍കൊടുത്ത് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സിനിമയുടെത്‌, കൂടെയോടി തളര്‍ന്നെങ്കിലും അത്രമോശമല്ലാത്ത തിരിച്ചടികള്‍ റേഡിയോയും കൊടുത്തിരുന്നു, കുറെ ഉപകാരങ്ങളും.


റേഡിയോ വന്നതോടെ അക്കാലത്ത് തിയേറ്ററുകളില്‍ നിറഞ്ഞു നിന്നിരുന്ന നിശബ്ദ സിനിമകളെക്കാള്‍ റേഡിയോയിലെ വാര്‍ത്തകളും, വിനോദ പരിപാടികളും, റേഡിയോ നാടകങ്ങളും, സ്പോര്‍ട്സ് ശബ്ദരേഖകളും ആളുകള്‍ ആസ്വദിച്ചു തുടങ്ങി. കുടുംബത്തോടെ സിനിമ പോയിക്കാണുന്ന ചിലവ് തുച്ചമാണെങ്കിലും ജോലിസമയത്തിനു ശേഷം കൂടുതല്‍ നേരം വീട്ടില്‍ ചിലവഴിക്കാം എന്ന കാര്യമോര്‍ത്താണ് പലരും വീട്ടില്‍ റേഡിയോ കേട്ടിരിക്കാന്‍ തുടങ്ങിയത്. അതുകൂടാതെ തിയേറ്ററുകള്‍ ഇല്ലാത്ത ഉള്‍നാടുകളില്‍പോലും റേഡിയോ എത്തിയതോടെ ജനങ്ങള്‍ ആഘോഷപൂര്‍വ്വം അതിനെ വരവേറ്റ് സ്വീകരണമുറിയില്‍ സ്ഥാപിച്ചു. ജനപ്രിയ റേഡിയോ പരിപാടികളും അവതാരകരുമുണ്ടായി, ശ്രോതാക്കള്‍ ക്ലബ്ബുകള്‍ വരെ രൂപീകരിച്ചു പരിപാടികള്‍ കേള്‍ക്കാന്‍ തുടങ്ങി.


ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ സ്റ്റുഡിയോകള്‍ ആളുകളെ തിരിച്ചു തിയേറ്ററില്‍ എത്തിക്കാന്‍ പുതിയ മേഖലകള്‍ തിരഞ്ഞിറങ്ങിയത് സിനിമയുടെ വളര്‍ച്ചയ്ക്ക് പുത്തന്‍ ഉണര്‍വുകളേകി. 1927ല്‍ ആദ്യ ശബ്ദചിത്രമായ The Jazz Singer വന്നതിനു ശേഷം ഈ ഫീല്‍ഡില്‍ മാറ്റങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണുണ്ടായത്. പല രീതിയില്‍ ആളുകളെ രസിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, അതിശയിപ്പിക്കുന്ന സിനിമകളിറങ്ങി. ഈ കാലഘട്ടത്തില്‍ തന്നെ അമേരിക്കയില്‍ പലഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന കലാകാരന്മാരും സ്റ്റുഡിയോകളും അന്നും പോപ്പുലറായി നിന്നിരുന്ന ലോസ് അഞ്ജലസിലെ ഹോളിവൂഡ്‌ പ്രദേശത്തേക്ക് കുടിയേറിയതോടെ, വമ്പന്‍ സ്റ്റുഡിയോകള്‍ സൃഷ്ട്ടിച്ചു ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കിയതിന്‍റെ കൂടെത്തന്നെ ഔട്ട്ഡോര്‍ ഷൂട്ടിങ്ങും പോപ്പുലറാകാന്‍ തുടങ്ങി. മാറ്റങ്ങള്‍ക്കൊക്കെ പതുക്കെ ഫലം കണ്ടുതുടങ്ങി, അമ്പരപ്പിക്കുന്ന ലൊക്കേഷനുകള്‍ ജനങ്ങള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. F W Murnau പോലുള്ള ലോകസിനിമയിലെ പല അതികായന്മാരെയും അവിടെക്കൊണ്ടുവന്നു പ്രതിഷ്ട്ടിച്ചു. കൂടുതല്‍ മോഡേണായ തിയേറ്ററുകളും ഉണ്ടാക്കി വിദേശസിനിമകളും മറ്റും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ റേഡിയോ എന്ന ഭീഷണിയെ സിനിമ പ്രതിരോധിക്കാന്‍ പഠിച്ചു.

എന്നാല്‍ പൊരുതാതെ തോല്‍ക്കാന്‍ റേഡിയോ തയ്യാറായിരുന്നില്ല, സിനിമയിലെ ജനപ്രിയതാരങ്ങളെ അണിനിരത്തി കോമഡി പരിപാടികളും, മികച്ച എഴുത്തുകാരുടെ ത്രില്ലറുകളെ ആസ്പദമാക്കിയുള്ള നാടകങ്ങളും കൊണ്ട് റേഡിയോ പിന്നെയും ഉയര്‍ന്നു വന്നു. കൂടാതെ ശ്രോതാക്കളെകൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരങ്ങളും നടത്തി റേഡിയോ ചാനലുകള്‍ തമ്മില്‍ മത്സരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് വന്ന യുദ്ധവും ക്ഷാമവുമൊക്കെ സിനിമയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ തല്‍സമയ വാര്‍ത്തകളും ആക്രമണങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും കൊണ്ട് റേഡിയോ രക്ഷകനായി തിളങ്ങി. ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടിയുടെ കടന്നുവരവ് വരെ സിനിമയും റേഡിയോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇരു ആസ്വാദകര്‍ക്കും ഉത്സവം പോലെയായിരുന്നു. ചില സമയം ഏറ്റുമുട്ടും, മറ്റുചിലപ്പോള്‍ തമ്മില്‍ സഹകരിക്കും, അതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. തിയേറ്ററില്‍ ഓടുന്ന സിനിമകള്‍ റേഡിയോ പരസ്യം ചെയ്യാറുണ്ടായിരുന്നു, അതുപോലെ റേഡിയോ സെറ്റുകളുടെയും പരിപാടികളുടെയും പരസ്യം സിനിമയ്ക്കിടയിലും ചെയ്തിരുന്നു. അന്ന് പരസ്യം ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധി റേഡിയോ ആയിരുന്നു. റേഡിയോയില്‍ വരുന്നതെന്തും ആളുകള്‍ വിശ്വസിക്കും എന്ന അവസ്ഥ (War of the Worlds Incident). ടെലിവിഷന്‍ വന്നതിനു ശേഷവും റേഡിയോ ശ്രോതാക്കളില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല, പിന്നെപ്പിന്നെ കാലം മാറിയതനുസരിച്ച് ആളുകളും മാറി. ഇന്നും പഴയ റേഡിയോ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റെഷനുകളുണ്ട്, കേള്‍ക്കാന്‍ കോടിക്കണക്കിന് ആരാധകരും.