നൂറ്റിയമ്പതിലധികം ജീവനുകള്‍ പൊലിഞ്ഞ പാരിസ് ഭീകരാക്രമണം ഇപ്പോള്‍ ലോകത്തിന്‍റെ തന്നെ വേദനയായി മാറിയിരിക്കുകയാണല്ലോ. ലോകം മുഴുവനും ദുഖത്തോടെ അവിടെ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഈ വേളയില്‍ ആ ആക്രമണത്തില്‍ നിന്ന് അത്ഭുദകരമായി രക്ഷപെട്ട ഒരു വ്യക്തിയുടെ കഥയാണ് ഇവിടെ പങ്കു വെക്കാന്‍ പോകുന്നത്.
ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ സൌഹൃദമത്സരം നടക്കുന്ന സമയം. ആ സമയം മത്സര വേദിയായ Stade de Franceന് പുറത്തായി നില്‍ക്കുകയായിരുന്നു സില്‍വസ്റ്റര്‍. എണ്‍പതിനായിരത്തോളം കാണികള്‍ തിങ്ങി നിറഞ്ഞിരുന്ന ആ സ്റ്റേഡിയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് Francois Hollandeഉം ആ സമയം കളി കാണാന്‍ ഉണ്ടായിരുന്നു.
കളി ഏകദേശം പകുതിയാകാറായി, ആ സമയമാണ് ഒരു മനുഷ്യബോംബ് സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. അയാളുടെ കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ദേഹപരിശോധനയില്‍ ബോംബ് നിറച്ച വെസ്റ്റ് കണ്ടെത്തിയതിനാല്‍ അകത്ത് കടക്കാനായില്ല. മിനിറ്റുകള്‍ക്കകം സെക്യൂരിറ്റി ജീവനക്കാരുടെ കണ്മുന്നില്‍ വച്ച് തന്നെ അയാള്‍ പൊട്ടിത്തെറിച്ചു. ഈ വിവരം അകത്ത് ഇരു ടീമുകളുടെയും കോച്ചുമാര്‍ക്ക് പെട്ടെന്ന് തന്നെ അറിയാന്‍ കഴിഞ്ഞെങ്കിലും അവര്‍ കളിക്കാരെ വിവരമറിയിക്കാതെ കളി തുടരുകയാണ് ചെയ്തത്. സ്റ്റേഡിയത്തിനകത്ത് വച്ച് പൊട്ടിത്തെറിച്ച് ആളുകളെ പരിഭ്രാന്തരാക്കി, തിക്കും തിരക്കും ഉണ്ടാക്കി, അതൊരു വന്‍ ദുരന്തമാക്കി മാറ്റുക എന്നതായിരിക്കാം ആദ്യ ബോംബറുടെ ലക്ഷ്യം എന്ന് കരുതപ്പെടുന്നു.
മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം സ്റ്റേഡിയത്തിന് പുറത്തെ മക് ഡോണള്‍ഡ്സ് ഷോപ്പിനടുത്തായി അടുത്ത മനുഷ്യബോംബും പൊട്ടിത്തെറിച്ചു. ആ സമയം അതിന്‍റെ അടുത്തായിരുന്നു സില്‍വസ്റ്റര്‍ നിന്നിരുന്നത്, സ്ഫോടനത്തിനിടെ ബോംബിന്‍റെ അംശം വന്ന് ദേഹത്ത് തറച്ച സില്‍വസ്റ്റര്‍ അതിന്‍റെ ആഘാതത്തില്‍ തെറിച്ചു വീണു. അദ്ഭുതം എന്ന് പറയട്ടെ, ആ ഭാഗം വന്നു തറച്ചത്, കൃത്യമായി അയാളുടെ പോക്കറ്റിലിരുന്ന ഫോണിലേക്കാണ്.
അത് പക്ഷെ ശരീരത്തില്‍ നേരിട്ടാണ് തറച്ചിരുന്നതെങ്കില്‍ ഈ വാര്‍ത്ത ജനങ്ങളോട് പങ്കുവെക്കാന്‍ സില്‍വസ്റ്റര്‍ ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. Samsung Galaxy S6 edge ആയിരുന്നു ആ ഫോണ്‍. ആ കഷണം സില്‍വസ്റ്ററിന്‍റെ ശരീരത്തിലുണ്ടാക്കിയ മുറിവും ഫോണിന്‍റെ അവസ്ഥയും കണ്ടാലറിയാം എത്രത്തോളം വലിയ അപകടത്തില്‍ നിന്നാണ് ഫോണ്‍ സില്‍വസ്റ്ററിനെ രക്ഷിച്ചതെന്ന്.
എന്തായാലും ഫോണിന് ഇപ്പോള്‍ ഒരു സൂപ്പര്‍ താര പരിവേഷമാണ് ലഭിച്ചിരുന്നത്. സേഫ്റ്റി ഗ്ലാസ് എന്ന് പറയുക മാത്രമല്ല, ജീവന് പോലും സേഫ്റ്റി നല്‍കുന്ന ഗ്ലാസ്സാണ് ഫോണിനുള്ളത് എന്നാണു ആരാധകരുടെ ഭാഷ്യം.
സില്‍വസ്റ്ററിനെ പരിക്കേല്‍പ്പിച്ച സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
#കടപ്പാട്: Phone Arena