മറൈന്‍ഡ്രൈവ് ഓര്‍മ്മകള്‍: കൊച്ചിയുടെ ടൂറിസത്തില്‍ മറൈന്‍ഡ്രൈവ് വില്ലനാകുന്നതെങ്ങനെ?

ഒരു ഇടദിവസം സമാധാനത്തിന് വേണ്ടി ഫാമിലിയായി മറൈന്‍ഡ്രൈവില്‍ പോയ ഒരു പാവം കൊച്ചിക്കാരന് സംഭവിച്ചത്. ചിലപ്പോള്‍ നിങ്ങളുടെ കഥയും ഇതൊക്കെ തന്നെയായിരിക്കും

ആദ്യം തന്നെ GCDAയില്‍ നിന്നും മ്യൂസിക്കല്‍ വാക്ക്-വേയിലേക്ക് നടക്കും വഴി ബേ-പ്രൈഡിന്‍റെ പുറകിലെത്തിയപ്പോള്‍ ധാരാളം വളകളും കമ്മലുകളും കൂട്ടിയിട്ടിരിക്കുന്നത് കണ്ട് നിന്നു. വില്‍ക്കാനിരിക്കുന്ന ഹിന്ദിക്കാരി പെണ്ണുങ്ങള്‍ പറയുന്ന 'നിസാര' വിലകേട്ട് പതുക്കെ അവിടന്ന് സ്കൂട്ടായപ്പോള്‍ ആ പെണ്ണുങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികളില്‍ ഒരാള്‍ കൈയ്യും നീട്ടി പുറകെ കൂടി. കുഞ്ഞല്ലേന്ന് കരുതി അദ്ദേഹത്തിന്‍റെ ഭാര്യം ആ കുട്ടിയുടെ കയ്യില്‍ പത്ത് രൂപ വച്ച് കൊടുത്തപ്പോള്‍ ദേ വരുന്നു സ്കൂള് വിട്ടപോലെ മൊത്തം പിള്ളേര് ബാക്കില്‍. ഒരു വിധമാണ് അവിടന്നവര്‍ രക്ഷപ്പെട്ടത്.

നമ്മള്‍ നേരിട്ട് കണ്ട മറ്റു ചിലരുടെ അവസ്ഥകള്‍ വച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത്........

ഈ മറൈന്‍ഡ്രൈവ് നമ്മള്‍ കൊച്ചിക്കാരുടെ ഒരു കൊച്ച് അഹങ്കാരം തന്നെയന്ന്‍ പറയാം. കൊച്ചീ മഹാനഗരത്തിലേക്ക് വരുന്ന യാത്രികരില്‍ പകുതിയും മേനകയും മറൈന്‍ഡ്രൈവും ലക്ഷ്യമാക്കിത്തന്നെയാണ് വരുന്നത്. 'ഇവിടത്തെ ബെഞ്ചുകള്‍ക്കും, മരങ്ങള്‍ക്കും എന്തിന് കാറ്റിന് വരെ ഒരുപാട് പ്രണയങ്ങളുടെ കഥ പറയാനുണ്ടാകും' എന്ന ക്ലീഷേ ഡയലോഗ് ഇനി ഞാനായിട്ട് പറഞ്ഞ് ബോറാക്കുന്നില്ല പക്ഷെ എന്‍റെ പ്രണയത്തില്‍ മറൈന്‍ഡ്രൈവിനും അവിടത്തെ സന്ധ്യകള്‍ക്കും വളരെ വലിയൊരു സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ഫോര്‍ട്ട്‌കൊച്ചി ബീച്ചിന്‍റെ കാര്യം പറഞ്ഞില്ലെങ്കില്‍ക്കൂടെ മറൈന്‍ഡ്രൈവില്‍ പോകുന്ന  കാര്യം പുറത്തുനിന്ന്‍ വരുന്ന എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. വൈകുന്നേരം മുഴുവനുമിരുന്ന് സണ്‍സെറ്റ് ആസ്വധിച്ചിട്ട് രാത്രി ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുപോകുന്ന ശീലമാണ് പലര്‍ക്കും.

ഒരിക്കല്‍ സ്വന്തം നാട്ടുകാരനായ സുഹൃത്തിന്‍റെ വായില്‍ നിന്നും മേലെ പറഞ്ഞ അനുഭവം കേട്ടപ്പോഴാണ് എനിക്കുണ്ടായ പല അനുഭവങ്ങളും തികട്ടി വന്നത്. പഠിക്കുന്ന കാലത്തൊക്കെ സുഹൃത്തുക്കളുമായി അവിടെ പോയിരിക്കുമ്പോള്‍ ഭിക്ഷക്കാരൊഴികെ, കൈനോട്ടക്കാരും ചെറിയ കച്ചവടക്കാരും അധികമങ്ങോട്ട് ശല്യപ്പെടുത്തിയിട്ടില്ല. കണ്ടിട്ട് കയ്യില്‍ കാശില്ലാത്ത പിള്ളേരാണന്ന് തോന്നിയത് കൊണ്ടാകും. പക്ഷെ പ്രിയതമയുമായി പോയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആവശ്യവും ഇല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരുടെയും, കൈനോട്ടക്കാരുടെയും, ഭിക്ഷക്കാരുടെയും, പിരിവിന് വരുന്ന പിള്ളേരുടെയുമൊക്കെ മേളയാണ്.

സാധാരണ രാജന്ദ്ര മൈതനാമായിരുന്നു സ്ഥിരം താവളം. അവിടെ യാതൊരു ശല്യവുമില്ലാതെ സുഖമായിട്ടിരുന്ന് സണ്‍സെറ്റ് കാണാം, അതിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്നവരായിരിക്കും അവിടെ കൂടുതല്‍. ജസ്റ്റിസ് കൃഷ്ണയ്യര്‍ സാറിനെ സ്ഥിരമായി അവിടന്ന് കാണാറുണ്ട്. ലേസര്‍ ഷോ വന്നതോട് കൂടി അതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇപ്പോഴും അതിലെ പോകുമ്പോള്‍ വിഷമമാണ്, മിസ്സ്‌ ചെയ്യുന്ന അസ്തമയങ്ങളെ ഓര്‍ത്ത്.

ഇത്രേം ഭംഗിയുള്ള സായാഹ്നങ്ങള്‍ നല്‍കുവാന്‍ ലേസര്‍ഷോയ്ക്ക് ആകുമോ?

അങ്ങിനെ തിരിച്ച് വീണ്ടും മറൈന്‍ഡ്രൈവിലേക്ക്, ഒരു ഇടദിവസം പ്രിയതമയും ഞാനും കൂടെ ബേപ്രൈഡിലൂടെ കയറി വാക്ക്-വേയിലേക്ക് നടന്നു. നടക്കുന്ന വഴി ഒരാള്‍ ബോട്ടില്‍പോകാന്‍ ക്ഷണിച്ചു.

"സാറേ ബോട്ടിങ്ങിന് പോകാം ഒരു മണിക്കൂര്‍" അയാളുടെ മുഖത്താണെങ്കില്‍ ഭയങ്കര ചിരി, ഏതോ വളരെയടുത്ത സ്നേഹിതനെ കണ്ടപോലെ.

ചിരിച്ചുകൊണ്ട് തന്നെ ഞാന്‍ വേണ്ടാന്ന് കാണിച്ചു, പക്ഷെ അയാള്‍ വിടുന്ന മട്ടില്ല.

"സാറെ ഒരു മണിക്കൂര്‍ ചുറ്റി നമുക്ക് ബോള്‍ഗാട്ടി പാലസും, ഷിപ്‌യാര്‍ഡും, പുതിയ കപ്പലുമൊക്കെ കണ്ട് വരാം. കൊച്ചീല്‍ വന്നിട്ട് അതൊക്കെ കാണാതെ പോയാലോ"

"നമ്മള് കൊച്ചിക്കാര് തന്നെയാണ് ഭായ്, ഇതൊക്കെ എപ്പോഴും കാണുന്നതല്ലേ" ചിരിച്ചു കൊണ്ട് വളരെ ഈസിയായിത്തന്നെയാണ് അതിന്  ഞാന്‍ മറുപടി പറഞ്ഞത്.

പക്ഷെ പെട്ടെന്ന് അയാളുടെ മുഖത്തെ ചിരി മാറി, പിന്നെ ഏതോ മുന്‍ജന്മ ശത്രുവിനെ കണ്ടപോലെ ഉറക്കെ ചീറിക്കൊണ്ടായി സംസാരം.

"എപ്പോഴും കാണുന്നെന്ന് വച്ച്? പിന്നേം കാണാന്‍ പാടില്ലേ? വേണമെങ്കില്‍ കേറിയാമ്മതി. ഇല്ലേല്‍ പോ വെറുതെ ആളെ മെനക്കെടുത്തല്ലേ"

ഇതിപ്പോ ഞാന്‍ എന്ത് പറഞ്ഞിട്ടാണാവോ ആളുകളുടെ ഇടയില്‍വച്ച് അയാളിങ്ങനെ ഞങ്ങളെ അപമാനിക്കുന്നത്?

ഇങ്ങോട്ട് വന്ന് ചോദിച്ചു, വേണ്ടാന്ന് പറഞ്ഞു. പിന്നേം ചോദിച്ചു, അപ്പോള്‍ കാര്യം പറഞ്ഞു. അതിന് മുഖം വീര്‍പ്പിച്ച് ഞങ്ങളെ കുറ്റംപറയുകയാണോ വേണ്ടത്.

മര്യാദയുടെ ഭാഷയില്‍ അയാളോട് ഞാന്‍ കാര്യം പറഞ്ഞു 'താന്‍ ഞങ്ങളോട് സംസാരിച്ച രീതി റോങ്ങാണ്, മര്യാദയ്ക്ക് സംസാരിക്കണം എന്ന്' അയാള്‍ക്കപ്പോള്‍ പുല്ല് വില.

പോട്ട് പുല്ലെന്ന് പറഞ്ഞ് ഞങ്ങള്‍ തിരിഞ്ഞ് നടന്നപ്പോള്‍ അയാള്‍ ഞങ്ങളെ നോക്കി എന്തൊ അവ്യക്തമായി ഉറക്കെ പറഞ്ഞിട്ട് പിറകെ വന്ന അടുത്ത കപ്പിള്‍സിനെ വലവീശാന്‍ തുടങ്ങി. അതോടെ ക്ഷമ നശിച്ച ഞാന്‍ തിരിഞ്ഞ് നിന്ന്  അയാളെ നല്ലോണമൊന്ന് ഗുണദോഷിച്ചു. അതോട്കൂടി അയാള്‍ വീശാന്‍ നോക്കിയ കപ്പിള്‍സും പോയി, ബോട്ടിനകത്ത് കയറിയിരുന്ന 2 ഫാമിലിയും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ഹല്ലപിന്നെ, ഈ ജാതി സംസ്കാരമില്ലാത്തവന്മാരെ വച്ചിട്ടാണോ ബിസിനസ് നടത്തുന്നത്.

അവിടന്ന് പോയി നല്ലൊരു സ്ഥലം കണ്ടുപിടിച്ച് ഇരുന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ദേ വരുന്നു അടുത്തത്. ഒരു കൈനോട്ടക്കാരി അമ്മൂമ്മ.
വന്നപാടെ മുഖം നോക്കി എന്തൊക്കെയോ പറഞ്ഞു, അവളെ ചാക്കിലാക്കാന്‍ എന്നെപ്പറ്റിയാണ് മുഴുവനും പറഞ്ഞത്. അവള്‍ക്കറിയാത്ത ഒന്നും എനിക്കില്ലാന്ന് ആ പാവം അമ്മൂമ്മക്ക് അറിയില്ലല്ലോ. വേണ്ടാന്നു പറഞ്ഞ് വിട്ടപ്പോള്‍ ചായകുടിക്കാന്‍ എന്തെങ്കിലും തരണമെന്നായി. അവസാനം പ്രായത്തെ മാനിച്ച് ചില്ലറ കൊടുത്ത് വിട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍പതിനോടടുത്ത് പ്രായമുള്ളൊരു മനുഷ്യന്‍, പതുക്കെ മുടന്തി മുടന്തി വന്ന് ജെനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ചില ബില്ലുകളും, വേറെ ഏതൊക്കെയോ രണ്ട് പ്രിസ്ക്രിപ്ഷനും കയ്യിലേക്കിട്ട് വിനയകുനയനായി നിന്നു. അയാള്‍ ദൂരെനിന്ന് വന്നപ്പോഴുള്ള നടത്തവും, ഇവിടെ എത്തിയപ്പോള്‍ കുറഞ്ഞ വേഗതയും ഞാന്‍ ശ്രദ്ധിച്ചത് കൊണ്ട്. ഒന്നും ഇങ്ങോട്ട് പറയിക്കാതെ ഒഴിവാക്കി.

വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ പിറുപിറുത്ത വാക്കുകളില്‍ 'എങ്കിപ്പിന്നെ നിനക്കൊക്കെ ആ കായലില്‍ ചാടിക്കൂടെ' എന്ന ഭാഗം മാത്രം ഞാന്‍ വ്യക്തമായി കേട്ടു. 
ഉടന്‍ തന്നെ ചാടി എഴുന്നേറ്റ് അതിന് നല്ല ഉറക്കെ മറുപടി കൊടുത്തത്കൊണ്ട് അവിടം മുതല്‍ ആ വാക്ക്-വേയുടെ അറ്റംവരെ ഇരുന്നിരുന്ന ആളുകളില്‍ നിന്നും തെണ്ടാനുള്ള അയാളുടെ സുവര്‍ണാവസരം നഷ്ടമായി.  ബോട്ടുകാരുടെ സീന്‍ കഴിഞ്ഞത് മുതല്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഞാനവിടെ ഇരുന്നത്. 

പിന്നെ ഒരു കച്ചവട ഫാമിലി വന്നു, എല്ലാം ഞങ്ങള്‍ക്ക് വേണ്ടാത്ത സാധനങ്ങളായത് കൊണ്ട് ഒന്നും വേണ്ടാന്ന് പറഞ്ഞപ്പോള്‍ തന്‍റെ ഭാര്യയുടെ ചികിത്സക്ക് വേണ്ടിയാണ് ഇങ്ങിനെ ഇറങ്ങിയത്, അതിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നായി അയാള്‍.
അയാളുടെ പിറകില്‍ വലിയ ഭാഗും തൂക്കിനില്‍ക്കുന്ന ആ സ്ത്രീക്ക് എന്ത് അസുഖമായിരിക്കും, ഇനിയിപ്പോ അയാള്‍ക്ക് വേറെ ഭാര്യയുണ്ടാകുമോ, ഇനി അവര്‍ക്കായിരിക്കുമോ അസുഖം എന്നൊക്കെ ആലോചിച്ച് കണ്ണും മിഴിച്ച് ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്ന സമയം അവരുടെ കൂടെയുണ്ടായിരുന്ന കൊച്ചു പെണ്‍കുട്ടി ഒരു ചെറിയ ബോട്ടില്‍ ഫിനോയിലെടുത്ത് കയ്യിലേക്ക് തന്നു. ആ കുട്ടി തന്നത് കൊണ്ട് മാത്രമെടുത്ത് എത്രയാ എന്ന് ചോദിച്ചപ്പോള്‍ 'അന്‍പത്' എന്നയാള്‍. ഈ ചെറിയ സാധനത്തിന് അന്‍പതാ?

അയാള്‍ കാശ് വാങ്ങി ബാക്കി തരുന്ന സമയം ആ കുട്ടി വേറെന്തോ സാധനവും കൊണ്ട് അപ്പുറത്തിരുന്ന ദമ്പതികളുടെ അടുത്തേക്ക് ഓടി, ആ സാധനം അവരുടെ കയ്യില്‍ വച്ച് കൊടുത്തു. പുറകെ അച്ഛനും രോഗിണിയായ അമ്മയും വലിയ ബാഗുകളും കൊണ്ട് അങ്ങോട്ട്‌. അതോടെ ഞങ്ങള്‍ക്കും മതിയായി.

അവിടത്തെ വിശേഷങ്ങളൊക്കെ എത്ര പറഞ്ഞാലും തീരില്ല. മറൈന്‍ഡ്രൈവില്‍ സമാധാനം കിട്ടാന്‍ ഫാമിലിയായി കാറ്റുകൊള്ളാന്‍ പോയിരിക്കുന്നവര്‍ക്ക് ഇവരെയൊന്നുമല്ലാതെ മറ്റു പലരെയും അവിടെ കാണാന്‍ പറ്റും. പുസ്തകം വില്‍ക്കുന്നവര്‍ മുതല്‍ ദൈവവചനം വില്‍ക്കുന്നവര്‍ വരെ. അവര്‍ക്കും ജീവിക്കണമല്ലോ എന്നോര്‍ത്ത് പരാതിയൊന്നുമില്ലെങ്കിലും അവിടെ വന്നിരിക്കുന്നവരുടെ സ്വകാര്യതയെ അവര്‍ മാനിക്കണ്ടേ. വരുന്ന ആളുകളെ കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിടാതെ അവരുടെ കാര്യങ്ങള്‍ മാത്രം നടക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എവിടത്തെ ന്യായമാണ്? പണ്ടൊക്കെ അവിടെ സ്ഥിരം ഷാഡോപോലീസ് ഉണ്ടാകുമായിരുന്നു, ഇപ്പോഴും ഉണ്ടോന്ന് അറിയില്ല. അന്നൊക്കെ അത് സ്ഥലകാലബോധമില്ലാത്ത ഇണക്കുരുവികളെ പൊക്കാനായിരുന്നു, ഇപ്പൊള്‍ പുതിയ പാലവും വാക്ക്-വേയും വന്നപ്പോള്‍ അങ്ങോട്ടാണ് പോലീസിന് കൂടുതല്‍ ശ്രദ്ധയെന്ന് തോന്നുന്നു. പക്ഷെ ഇണക്കുരുവികള്‍ കൂടുതലും ഇപ്പോള്‍ അങ്ങോട്ടാണ് ചേക്കേറുന്നത്. ഭിക്ഷക്കാരും കച്ചവടക്കാരും അങ്ങോട്ട്‌ വരുന്നത് വളരെ കുറവായത് കൊണ്ടായിരിക്കും.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥലമായത് കൊണ്ട് അധികാരികള്‍ മറൈന്‍ഡ്രൈവ് വിഷയത്തില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പലപ്പോഴും ടൂറിസ്റ്റുകളെക്കാള്‍ കച്ചവടക്കാരെയും ഭിക്ഷക്കരെയും മുട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണവിടെ. പിന്നെ വെള്ളത്തിലെ ചവറും അതിന്‍റെ സ്മെല്ലും വേറെ, ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍റെ പിറകില്‍ എന്താ സ്മെല്ല്, എന്‍റെ പോന്നോ. കൊച്ചിക്കാര്‍ക്ക് ആ സ്മെല്ലൊന്നും വല്യ സീനല്ല. അത് പോലെയാണോ കൊച്ചിയുടെ പുറത്ത് നിന്ന് വരുന്നവര്‍?

ഒരു ചോദ്യം കൂടി: ഓപ്പണ്‍ സ്റ്റേജില്‍ കാണിച്ചിട്ട് ഒരു വ്യക്തതയില്ലാത്തത് കൊണ്ട് ആ ലേസര്‍ ഷോ അവിടന്ന് മാറ്റി ഒന്ന് ഇന്‍ഡോര്‍ ആക്കാന്‍ പറ്റുമോ? ഇല്ലാ ല്ലേ!!!
കൂട്ടുകാരുടെ കൂടെ പോയപ്പോള്‍ കണ്ട ഭീകര കാഴ്ച: ബെഞ്ചിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ടിരുന്ന മറുനാട്ടുകാരായ യുവമിഥുനങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് ഒരു മധ്യവയസ്ക്കന്‍ വന്ന് കൈനീട്ടി. അവര്‍ മൈന്‍ഡ് ചെയ്യാതിരുന്നപ്പോള്‍ അയാള്‍ ഉടുത്തിരുന്ന തന്‍റെ മുണ്ട് മാറ്റി മുട്ടിന് മേലെയും അരക്കെട്ടിലുമായുള്ള എന്തൊക്കെയോ മുറിവുകളുടെ പാടുകള്‍ അവരെ കാണിച്ച്, ആ മുണ്ട് പൂര്‍ണമായി അഴിക്കാന്‍ തുടങ്ങുകയാണ്. പെട്ടെന്ന് തന്നെ ആ യുവാവ് കീശയില്‍ നിന്നും നൂറിന്‍റെ നോട്ടെടുത്ത് അവിടിട്ട് ആ പെണ്ണിന്‍റെ കൈപിടിച്ച് അപ്പോള്‍ത്തന്നെ അവിടന്ന് പോയി.

ദൈവത്തിന്‍റെ സ്വന്തം നാടുകാണാന്‍ വന്നവരുടെ ഓരോ അവസ്ഥകളെ.....