ടോക്യോ നിവാസികള്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ലാത്ത ഒരു ക്രിസ്മസ് ആയിരുന്നു ഇത്തവണത്തേത്. കാരണം ജീവിതത്തില്‍ ഒരു തവണ ക്രിസ്മസ് ആഘോഷിക്കാത്തവര്‍ പോലും അല്‍പ നേരത്തേക്ക് ക്രിസ്മസ് സ്പിരിറ്റില്‍ ആനന്ദിച്ച ഒരു രാവായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. അതിനു കാരണമായതോ ഒരു ക്രിസ്മസ് ട്രീയും.
ക്രിസ്മസ് വന്നെത്തിയപ്പോള്‍ പതിവ് പോലെ ടോക്യോ നഗരത്തിന്‍റെ പല ഭാഗങ്ങളിലും അലങ്കാര വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. പക്ഷെ അപ്പോഴും ആഘോഷങ്ങളില്‍ പങ്കു ചേരാത്ത പല സ്ഥലങ്ങളും അവിടെ ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു, ആളുകളും. ടോക്യോയിലെ സ്ഥിരതാമസക്കാരനായ ജോസഫ് ടേം എന്ന ബ്രിട്ടീഷ് പൗരന് അതൊരു കുറവായി തോന്നി, നഗരത്തില്‍ ചിലര്‍ ആഘോഷിക്കുമ്പോള്‍ മറ്റുചിലര്‍ ആഘോഷങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നു. അതത്ര നല്ല കാര്യമായി ആള്‍ക്ക് തോന്നിയില്ല, ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഉള്ളവനും ഇല്ലാത്തവും എല്ലാം ഒരുപോലെ ആനന്ദിക്കേണ്ട ഒരു ആഘോഷവേളയാണല്ലോ. ഇത്തവണ ക്രിസ്മസ് ഇല്ലാത്ത ഇടങ്ങളിലെക്ക് ഇറങ്ങിച്ചെന്ന് ക്രിസ്മസ് സന്ദേശവും, സന്തോഷവും നല്‍കാന്‍ തന്നെ ടേം തീരുമാനിച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ രീതിയായിരുന്നു ഏറ്റവും രസകരം.
ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം മനസ്സിലേക്ക് വരുന്ന സംഗതികള്‍ എന്തൊക്കെയാണ്? ഉത്തരം സിമ്പിള്‍. ക്രിസ്മസ് പാപ്പയും, ട്രീയും തന്നെ. പാപ്പ പിന്നെ സകല മുക്കിലും മൂലയിലും നോക്ക് കുത്തി പോലെ ഇരുന്ന് വില പോയിരിക്കുന്ന സംഭവമാണ്. പക്ഷെ ട്രീ, അതിന്‍റെ പുതുമയും പ്രത്യേകതയും ഇപ്പഴും നഷ്ടപ്പെട്ടിട്ടില്ലല്ലോ. ക്രിസ്മസ് ട്രീയും കൊണ്ട് നഗരത്തിലേക്ക് ഇറങ്ങാനായിരുന്നു ടേമിന്‍റെ തീരുമാനം. ഒന്നൂടെ വ്യക്തമായിപ്പറഞ്ഞാല്‍ ക്രിസ്മസ് ട്രീയും കൊണ്ടല്ല, ഒരു ക്രിസ്മസ് ട്രീയായിത്തന്നെ ഇറങ്ങാന്‍.
പ്രകാശത്താല്‍ ആവരണം ചെയ്യപ്പെട്ട മനോഹരമായ ഒരു ക്രിസ്മസ് ട്രീ നിരത്തുകളിലൂടെ ഓടുന്ന കാഴ്ച്ചയാണ് പിന്നീട് ടോക്യോ നിവാസികള്‍ കണ്ടത്. ആദ്യം കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. വളരെ പെട്ടെന്ന് തന്നെ ആളുകള്‍ കൂടി, ചിത്രങ്ങളും സെല്ഫികളും കൊണ്ട് നെറ്റ്സ്പേസ് നിറഞ്ഞു. ടോക്യോയില്‍ മാത്രമല്ല, ലോകം മുഴുവനും 'റണ്ണിംഗ് ക്രിസ്മസ് ട്രീ' വൈറലായി ഓടി.
ടേമിനെ കുറിച്ച് കേട്ടറിഞ്ഞ ടോക്യോ നിവാസികള്‍ കൂട്ടത്തോടെ ക്രിസ്മസ് വേഷങ്ങള്‍ അണിഞ്ഞ് നിരത്തുകളിലേക്കിറങ്ങി കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്ന ദ്രിശ്യങ്ങളാണ് പിന്നീടു ലോകം കണ്ടത്. അതായത് ടേം ഉദ്ദേശിച്ച കാര്യങ്ങളൊക്കെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു മാരത്തണ്‍ ഓട്ടക്കാരനും, കലാകാരനുമായ ജോസഫ് ടേം നടത്തിയ ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഈ ഓട്ടമെന്ന് കരുതുന്നവരും ചില്ലറയല്ല. എന്തായാലും ടോക്യോ നിവാസികള്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു ഈ ക്രിസ്മസും, ഓടുന്ന ക്രിസ്മസ് ട്രീയും.