Hansika acting in Malayalam അതിന്? Hansika NOT acting in Malayalam ഓഹോ അവള്‍ അത്രക്കായോ!

പ്രമുഖ ഹിന്ദി-തമിഴ്-തെലുങ്ക് നടി ഹന്‍സിക മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെന്നൊരു വാര്‍ത്ത ഇന്നലെ പോസ്റ്റുകളായും ട്വീറ്റുകളായും പറന്നു നടന്നിരുന്നു. അതിന്‍റെ സത്യമന്വേഷിച്ചപ്പോള്‍, സംഭവം ശരിയാണെന്ന വിവരമാണ് ഗൂഗിള്‍ ആദ്യം തന്നത്.




Hansika to make Malayalam debut എന്ന തലക്കെട്ടോടെ Times Of Indiaയുടെ സൈറ്റില്‍ വന്ന വാര്‍ത്ത പ്രകാരം, ദിലീപിന്‍റെ നായികയായി ഹന്‍സിക സദ്ദാം ശിവന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു കണ്ടത്. വാര്‍ത്തയുടെ രൂപം ഇപ്രകാരമായിരുന്നു.
"Hansika is reported to make her Malayalam debut opposite Dileep in an upcoming mass entertainer titled Saddam Sivan.
Director Joshiy who is currently filming Lailaa O Lailaa with Mohanlal and Amala Paul will wield the megaphone for Saddam Sivan. Meanwhile, Hansika is busy with handful of projects and juggling between her Tamil and Telugu projects"

സാധാരണ ആളുകള്‍ ഹന്‍സിക വരുന്നെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ "ഓഹോ നല്ല കാര്യ"മെന്ന് പറയും. കൂടിപ്പോയാല്‍ ദിലീപിന്‍റെ യോഗമെന്നൊക്കെ പറഞ്ഞു ലൈക്കോ, ഷേയറോ കൊടുക്കും. അവര്‍ അഭിനയിച്ചു കഥാപാത്രം ഹിറ്റായാല്‍ മലയാളത്തിന്‍റെ മഹത്വം പറഞ്ഞു ആര്‍മാധിക്കും. പക്ഷെ സിനിമ ഫ്ലോപ്പായാലോ? നടിയുടെ അഭിനയത്തിലെ കുറ്റം മൊത്തം കണ്ടെത്തി അതിനെ ഉറപ്പായിട്ടും കുരിശില്‍ കേറ്റും.

എന്നാല്‍ ഇന്നലെത്തന്നെ ഹന്‍സിക തന്‍റെ facebook പേജിലൂടെ വാര്‍ത്ത തെറ്റാണെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്, കണ്ടിടത്തോളം അത്ര സീരിയസല്ലാത്ത ഒരു കൂള്‍ പോസ്റ്റാണവര്‍ തന്‍റെ പേജിലിട്ടത്. പക്ഷെ മലയാളി പ്രേക്ഷകര്‍ ആ അറിയിപ്പിനെ ഒരു ഭയങ്കര പാതകമായിട്ടാണ് കണ്ടിരിക്കുന്നതെന്ന് തോന്നുന്നു. ഹന്‍സികയുടെ പോസ്റ്റിനു കീഴെ വന്ന കമ്മണ്ടുകള്‍ വായിച്ചാല്‍ സത്യത്തില്‍ അവര്‍ മലയാളത്തെ അപമാനിച്ചാണോ പോസ്റ്റിട്ടതെന്ന് സംശയം തോന്നും.












































മറ്റു ഭാഷകളിലെ തിളങ്ങുന്ന താരങ്ങള്‍ മലയാളത്തില്‍ വരുന്നത് ആദ്യമായിട്ടല്ല. വിജയ നിര്‍മ്മല മുതല്‍ കത്രീന കൈഫ്‌ വരെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് തുടങ്ങി മറ്റു ഭാഷകളില്‍ തിളങ്ങിയ അനവധി നടിമാരും നമുക്കുണ്ട്. അപ്പോള്‍ പിന്നെയൊരു ഹന്‍സിക മലയാളത്തില്‍ അഭിനയിച്ചാലെന്ത്, അഭിനയിച്ചില്ലെങ്കിലെന്ത്.......

ഹന്‍സിക മലയാളത്തില്‍ അഭിനയിക്കുന്നില്ല.... ശെരി വേണ്ട. അവര്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളെടുത്താല്‍ ഒരു 90 ശതമാനം കഥാപാത്രങ്ങളും ഒരുപോലെയുള്ളവയായിരുന്നു. ഡയലോഗും, ചിരിയും, പ്രണയവും എന്നുവേണ്ട കരച്ചില് പോലും കാര്‍ബണ്‍ കോപ്പിയെടുത്ത പോലെ തോന്നും. അതും കൊണ്ട് മലയാളത്തിലേക്ക് വന്നാലുള്ള അവസ്ഥയോര്‍ക്കുമ്പോള്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. 

ചിലപ്പോ പറയാന്‍ പറ്റില്ല, അവര്‍ക്കൊരു ബ്രേക്ക് കൊടുക്കുന്ന കഥാപാത്രം മലയാളത്തില്‍ നിന്നും കിട്ടിയാലോ? 

അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും അവരുടെ കാര്യം. അതിനു അവരുടെ പേജില്‍ കേറി വീരവാദം മുഴക്കേണ്ട കാര്യമെന്താണുള്ളത്? 

പണ്ട് സച്ചിനെ അറിയില്ലാന്നു പറഞ്ഞ ഷറപ്പോവയുടെ പേജില്‍ കേറി പൊങ്കാലയിടാന്‍ ഈയുള്ളവനും കൂട്ടുകാരും മുന്നില്‍ തന്നെയുണ്ടായിരുന്നു. കാരണം അത് സച്ചിനെക്കുറിച്ചാണ് പറഞ്ഞത്, എന്നിട്ട് ആ പറഞ്ഞതിലൊന്നും ഒരു തേങ്ങയുമില്ലെന്ന് സച്ചിന്‍ പറഞ്ഞപ്പോള്‍ മണ്ടനായവരുടെ കൂട്ടത്തില്‍ ഞെളിഞ്ഞിരുന്ന് ചിരിച്ചു, എല്ലാം സച്ചിന് വേണ്ടി. പക്ഷെ ഇവിടിപ്പോ ഹന്‍സിക എന്ത് തെറ്റ് കാണിച്ചിട്ടാണെന്ന് മനസിലാവുന്നില്ല. 

ശെരിക്കും ഈ കമന്‍റ് ഇട്ടുള്ള പ്രകടനം കണ്ടിട്ട് ഞാനടക്കമുള്ള മലയാളികളുടെ ദേശീയ രോഗമായ 'കിട്ടാത്ത മുന്തിരി പുളിക്കല്‍ ഫോബിയ'യോ, 'ആഹാ അത്രക്കായോ ഫോബിയ'യോ, 'നമ്മട മുന്നില്‍ നിങ്ങളൊന്നും ഒന്നുമല്ല ഫോബിയ'യോ പോലുണ്ട്.

ഇനി അവരുടെ ഗതികേടിനെങ്ങാനം ശെരിക്കും മലയാളത്തില്‍ അഭിനയിക്കാന്‍ വന്നിരുന്നെങ്കില്‍ ചിലര്‍ക്കൊക്കെ അതൊരു ആഘോഷം തന്നെയായിരിക്കും. 


ഇനി ഹന്‍സിക ശെരിക്കും വന്നാലുള്ള വിശേഷങ്ങള്‍

> സിനിമാ പേജുകളും ഗ്രൂപ്പുകളും ഹന്‍സികയുടെ പടം വച്ച് അവരുടെ 'കേരള-ഓണം അനുഭവങ്ങള്‍' ഇറക്കും. 

> ദിലീപേട്ടന്‍റെ മീശമാധവന്‍ കണ്ടിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഹന്‍സിക സമ്മതിച്ചതെന്ന് വാര്‍ത്തകളുണ്ടാകും

> മമ്മൂട്ടിയാണ് പ്രിയ നടനെന്നും, അമരമാണ് ഇഷ്ട ചിത്രമെന്നും ആദ്യം പറയും, പിന്നെ കേള്‍ക്കും അല്ല മോഹന്‍ലാലാണ് ഏറ്റവും മികച്ച നടനെന്നും, കിരീടമാണ് പ്രിയ ചിത്രമെന്നും. 

> കാവ്യാ മാധവന്‍റെ ഡയറ്റ് ഫോളോ ചെയ്താണ് തടി കുറഞ്ഞതെന്നും, വര്‍ക്ക്‌ഔട്ടില്‍ PT ഉഷയാണ് മാതൃകയെന്നും പുതിയ പുതിയ അപ്ഡേറ്റ്സ് ദിവസവും വന്നുകൊണ്ടിരിക്കും. 

> പ്രമുഖ മാസികകളില്‍ ഹന്‍സികയുടെ പ്രിയ ഭക്ഷണം പുട്ടും കടലയുമാണെന്ന് പറഞ്ഞു നടക്കാത്ത ഇന്‍റ്ര്‍വ്യൂകള്‍ പ്രസിദ്ധീകരിക്കും. 

> അവസാനം മഞ്ചു വാര്യരുടെ കൂടെ ഡയമണ്ട് വാങ്ങാന്‍ പോകുന്നതോടെ ഉറപ്പിച്ചു, ഹന്‍സിക തനി മലയാളിയായി


വാര്‍ത്ത‍ പ്രസിദ്ധീകരിച്ച Times Of India കാലുമാറി ഡിലീറ്റ് ചെയ്താലോന്ന് കരുതി സ്ക്രീന്‍ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. 



അതിന്‍റെ കൂടെ മലയാളത്തെ സപ്പോര്‍ട്ട് ചെയ്തുള്ള ഒരു തമിഴ് ആരാധകന്‍റെ കമ്മണ്ടും, സോ സ്വീറ്റ്....