പുറത്ത് ആദ്യത്തെ മോഷണത്തെകുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങ് നടക്കുമ്പോള്‍, അകത്ത് വീണ്ടും മോഷണം നടക്കുന്നു. മോഷണം - റിപ്പോര്‍ട്ടിങ്ങ്, റിപ്പോര്‍ട്ടിങ്ങ് - മോഷണം. ഇതങ്ങനെ ഒരുമിച്ചു നടക്കുകയാണ്.
അയോവ - മേസണ്‍ സിറ്റിയിലെ KIMT-TV ചാനലിന്‍റെ ലേഖകനായ ആഡം സാല്ലേ, റോച്ചസ്റ്ററിലെ Sterling State Bankന്‍റെ മുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം അവിടെ നടന്ന കവര്‍ച്ചയെപ്പറ്റിയുള്ള റിപ്പോര്‍ട്ടിങ്ങിലാണ്, അതും ലൈവായി.
പെട്ടെന്നാണ് ബാങ്കിനകത്ത് നിന്നും ഒരുദ്യോഗസ്ഥന്‍, പാഞ്ഞു പോകുന്ന ഒരാളെയും ചൂണ്ടിക്കാണിച്ചു കൊണ്ട് പുറത്തേക്ക് ഓടി വരുന്നത്. അതായത് ബാങ്ക് വീണ്ടും കൊള്ളയടിക്കപ്പെട്ടിരുന്നു, ഇന്നലെ വന്ന അതേ ആള്‍ തന്നെ. പുറത്ത് ലൈവ് ന്യൂസ് ടെലിക്കാസ്റ്റ് തുടങ്ങിയ സമയം തന്നെ അകത്ത് നിന്ന് പണിയും കഴിഞ്ഞ് ആളിറങ്ങി.
പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ സാല്ലേ, ഒരു വിധത്തില്‍ പ്രേക്ഷകരോട് കാര്യങ്ങള്‍ പറഞ്ഞവതരിപ്പിച്ച് മാറി നിന്ന് പോലീസിന് ഫോണ്‍ ചെയ്തു. ഈ സമയം സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന അവതാരകന്‍ ഇതൊരു സെറ്റ്-അപ്പ് അല്ല, കൃത്യമായി നടന്ന കാര്യമാണെന്ന് വിഷധീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും പലരും അത് അങ്ങീകരിച്ചില്ല. കാരണം പെട്ടെന്ന് excited ആയ സാല്ലേ നല്ലവണ്ണം പതറിയെങ്കിലും ചിരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ചാനലിന് റേറ്റിങ്ങ് കൂട്ടാനുണ്ടാക്കിയ സ്റ്റണ്ട് എന്ന് പലരും ഈ സംഭവത്തെ കളിയാക്കാന്‍ തുടങ്ങിയപ്പോഴേക്കും അടുത്ത ന്യൂസും എത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
തലേന്നത്തെ കവര്‍ച്ചയ്ക്ക് ശേഷം അലര്‍ട്ട് ആയിരുന്ന പോലീസ് വിവരമറിഞ്ഞ ഉടനെ തന്നെ ആ സ്ഥലം മുഴുവനായി ബ്ലോക്ക് ചെയ്തിരുന്നു. പോലീസ് പിടിയിലാകുമെന്ന് ഭയന്ന കവര്‍ച്ചക്കാരന്‍ ഹൈവേയില്‍ വാഹനം ഉപേക്ഷിച്ച് കടന്നെങ്കിലും അധികം വൈകാതെ തന്നെ തലസ്ഥാന നഗരിയില്‍ നിന്ന് ആളെ പോലീസ് പിടികൂടി. ആളുടെ വിവരങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും. റോച്ചസ്റ്റര്‍ നിവാസിയായ ഒരു 36കാരനാണ് ആളെന്ന വിവരമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
എന്തായാലും ഈ ഒരു വാര്‍ത്ത കൊണ്ട് ആഡം സാല്ലേ അങ്ങ് ഹിറ്റായി. സാല്ലേയുടെ റിപ്പോര്‍ട്ടിങ്ങ് വീഡിയോ ഇപ്പോള്‍ ഒരു കൊമഡി പീസായി, വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.
bank-robbery-suspect-returns-to-rob-same-bank-during-live-news-report
കടപ്പാട്: വാര്‍ത്ത AP, വീഡിയോ The Guardian.