2015 നവംബര്‍ 17.
സൈബീരിയയിലെ ജനങ്ങള്‍ അത്ര പെട്ടെന്നൊന്നും ഈ ദിവസം മറക്കില്ല, കാരണം അന്നാണ് അവിടത്തെ നഗരങ്ങള്‍ക്ക് മുകളിലായി കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ചെറു മേഘങ്ങളോ, ഗോളങ്ങളോ പോലുള്ള വസ്തുക്കള്‍ മിന്നി മറഞ്ഞത്. അധികൃതരുടെ വക വ്യക്തമായ വിശധീകരണങ്ങള്‍ ഒന്നും പെട്ടെന്ന് ലഭിക്കാഞ്ഞത് കൊണ്ട് തന്നെ അതൊരു ഏലിയന്‍ ഇന്‍വേഷനായി ചിത്രീകരിക്കപ്പെടാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല.
വാര്‍ത്തകളും ചിത്രങ്ങളും കാട്ടുതീ പോലെ പടര്‍ന്ന് പിടിച്ചു. അവിടത്തെ ലോക്കല്‍ ചാനലായ PE Omskന്‍റെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തിന്‍റെ പലയിടങ്ങളില്‍ വച്ച് ആളുകള്‍ ഈ പ്രതിഭാസം കാണുകയും ഫോട്ടോകളും വീഡിയോകളും എടുക്കുകയും ഉണ്ടായി. അതിനെ ഏലിയന്‍ ഇന്‍വേഷനായി തന്നെയാണ് ഭൂരിഭാഗം പേരും കണ്ടതെങ്കിലും മറ്റു വാര്‍ത്തകള്‍ ഒന്നും കേള്‍ക്കാത്തതിനാല്‍ അതൊരു wormhole ആണെന്നും, മറ്റൊരു ലോകത്തേക്കുള്ള portal ആണെന്നും ഒക്കെ വിശധീകരണങ്ങള്‍ സൈറ്റുകളില്‍ തിങ്ങി നിറഞ്ഞു. ചിലര്‍ പറഞ്ഞു അത് മിലിട്ടറി നടത്തുന്ന രഹസ്യ പരീക്ഷണങ്ങളുടെ ഭാഗമാണെന്ന്. അപ്പോഴും അതിനൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ മാത്രം ആര്‍ക്കും കഴിഞ്ഞില്ല.
ആയിടയ്ക്കാണ് അങ്ങ് ദൂരെ കാലിഫോര്‍ണിയില്‍ സമാനരീതിയിലുള്ള പ്രകാശം കണ്ടതായി അവിടത്തെ ലോക്കല്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സൈബീരിയയില്‍ കാണുന്നതിനും ഏകദേശം രണ്ടാഴ്ച്ചയോളം മുന്നേയാണ് കാലിഫോര്‍ണിയയിലെ സംഭവം, രണ്ടിടത്തും കാണപ്പെട്ട പ്രകാശങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളും ഇല്ല. Associated Press ആ സംഭവത്തെ വ്യക്തമായി ഫോളോഅപ്പ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. Associated Press പറയുന്നത് പ്രകാരം നേവി നടത്തുന്ന മിസ്സൈല്‍ പരീക്ഷണങ്ങളായിരുന്നു അവ. നേവി അന്തര്‍വാഹിനിയില്‍ നിന്നും പോര്‍മുന ഘടിപ്പികാതെ വിടുന്ന ടെസ്റ്റ് മിസൈലുകള്‍. ഇടയ്ക്കിടെ കാര്യക്ഷമത പരീക്ഷിക്കാനായി ഇങ്ങിനെയുള്ള ചില പരീക്ഷണങ്ങള്‍ പതിവാണ്, പക്ഷെ ഇങ്ങിനെ നഗരങ്ങളുടെ അടുത്തായി അധികം ചെയ്യാറില്ല.
അങ്ങിനെ കാലിഫോര്‍ണിയയിലെ പ്രശ്നത്തിന് ഒരു തീരുമാനമായി. അപ്പോള്‍ സൈബീരിയയില്‍ നടന്നത്?
NBC ന്യൂസിന്‍റെ space consultant ആയ James Oberg ആണ് അതിനൊരു വ്യക്തമായ വിശദീകരണം നല്‍കിയത്. റഷ്യന്‍ മിലിറ്ററി നടത്തുന്ന ഒരു രഹസ്യ മിസ്സൈല്‍ പ്രോഗ്രാമിന്‍റെ ഭാഗമായുള്ള പരീക്ഷങ്ങളായിരുന്നു സൈബീരിയയിലെ ജനങ്ങള്‍ അന്നേ ദിവസം കണ്ടത്. അതും ആ പ്രോഗ്രാമിലെ മറ്റ് അനേകം പരീക്ഷണങ്ങളില്‍ ഒന്ന് മാത്രം. പ്രതിരോധ നിരകള്‍ ഭേദിച്ച് പോര്‍മുനയും വഹിച്ച് ശത്രു പാളയത്തിലേക്ക് കടക്കാനാകുന്ന പുതിയ മിസൈലിന്‍റെ പരീക്ഷണത്തിലാണ് റഷ്യ, പോര്‍മുനയുമായി അന്തരീക്ഷത്തിന് പുറത്തേക്ക് പറക്കുന്ന മിസൈലുകള്‍ ടാര്‍ഗറ്റ് ഏരിയയില്‍ എത്തുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തി താഴേക്ക് പറക്കുന്നു. ഈ ദൃശ്യങ്ങളാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരുന്നത്.
എന്തായാലും അന്യഗ്രഹജീവികളാണെന്ന് കരുതി ഭയപ്പെട്ട് കഴിഞ്ഞവര്‍ക്ക് ഓബര്‍ഗിന്‍റെ വിശദീകരണം വലിയൊരാശ്വാസം തന്നെയായിരുന്നു. പക്ഷെ ആ ആശ്വാസം അതിലും വലിയ ഭയമായി മാറാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ തന്നെ കാരണം. ഇത്തരം ഒരു ആയുധത്തിന്‍റെ പണിപ്പുരയിലാണ് റഷ്യ എന്നറിഞ്ഞാല്‍ അവര്‍ വെറുതിയിരിക്കും എന്ന് തോന്നുന്നുണ്ടോ, മിക്കവാറും ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിഞ്ഞ അവര്‍ അതിനു ബദലായി മറ്റെന്തെങ്കിലും തയ്യാറാക്കി വച്ചിട്ടുണ്ടാകും. അതെന്തായിരിക്കും എന്നുള്ളതല്ല പ്രശ്നം, അതെങ്ങിനെയായിരുന്നും ഇരു ഭാഗത്തുമുള്ള ജനങ്ങളെ ബാധിക്കുക എന്നതാണ് അവരെ അലട്ടുന്ന ചോദ്യം. റഷ്യ ആരെയും കൂസാതെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഒരു മുന്നറിയിപ്പായി ഏതെങ്കിലും നാറ്റോ രാജ്യം എന്തെങ്കിലും ചെയ്തേക്കുമോ എന്ന ഭയം പലരും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇനി ജയിംസ് ഓബര്‍ഗിനെ കുറിച്ച്.
അറിയപ്പെടുന്ന Rocket Scientist ആയ ഓബര്‍ഗ് 22 വര്‍ഷത്തോളമാണ് ഹൂസ്റ്റണിലെ മിഷന്‍ കണ്ട്രോളിലിരുന്ന് നാസയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. കസാക്കിസ്ഥാനിലെയും, സൈബീരിയയിലെയും ലോഞ്ച് സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുള്ള ഓബര്‍ഗിന്‍റെ മിസ്സൈല്‍ ടെസ്റ്റുകള്‍ തിരിച്ചറിയുന്നതിലുള്ള കഴിവ് പ്രശസ്തമാണ്. ലോകത്തിലെ അറിയപ്പെടുന്ന UFO Watchersല്‍ ഒരാളായ ഓബര്‍ഗ്, UFO ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട പല പ്രതിഭാസങ്ങളുടെയും, മിലിറ്ററി ടെസ്റ്റുകളുടെയും പിന്നിലുള്ള സത്യങ്ങള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.
"Sometimes, even governments seem to prefer people think what they saw
was aliens, and not the government's secret activities -- and Russian
UFO reports have played that role for half a century."
ഓബര്‍ഗിന്‍റെ വാക്കുകളാണ്.
വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: RUPTLY, Associate Press