Cast Away (2000) എന്ന പ്രമുഖ ഹോളിവുഡ് ചിത്രത്തെക്കുറിച്ച് കേട്ടിട്ടില്ലേ: വിമാനാപകടത്തെ തുടര്‍ന്ന് ഒരു പസിഫിക്ക് ദീപില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ചക്ക് നോളണ്ട് എന്ന FedEx ഉദ്യോഗസ്ഥന്‍റെ കഥ. അതുപോലെ ഒരു സംഭവം ഈ അടുത്ത കാലത്ത് നടക്കുകയുണ്ടായി, ചിലപ്പോള്‍ അതിനേക്കാള്‍ നാടകീയമായ ഒരു ട്വിസ്റ്റോടെ.
2012ലെ നവംബര്‍ മാസം. മെക്സിക്കോയില്‍ നിന്നും മത്സ്യബന്ധനത്തിനായി ആല്‍വരേങ്ങയുടെ ചെറുബോട്ട് യാത്ര തുടങ്ങുകയാണ്, കൂടെ കോര്‍ഡോബ എന്ന ഇരുപത്തിരണ്ടുകാരനുമുണ്ട്. രണ്ടു ദിവസത്തേക്ക് അമ്പത് ഡോളര്‍ എന്ന കൂലി പറഞ്ഞുറപ്പിച്ചാണ് ആല്‍വരേങ്ങ, എസേക്കിയല്‍ കോര്‍ഡോബ എന്ന ആ പയ്യനെ ജോലിക്ക് വിളിച്ചത്. പക്ഷെ ആ കൂലി വാങ്ങിക്കാനുള്ള ഭാഗ്യം പിന്നീട് കോര്‍ഡോബയ്ക്ക് ഉണ്ടായില്ല, അന്ന് പുറപ്പെട്ട ആ ബോട്ടിലെ രണ്ട് യാത്രികരില്‍ തിരിച്ചെത്തിയത് ആല്‍വരേങ്ങ മാത്രം, അതും റെക്കോര്‍ഡ് കാലയളവായ 438 ദിവസങ്ങള്‍ക്ക് ശേഷം.
പുറംകടലിലെ
കനത്ത കാറ്റും മഴയുമാണ് അവര്‍ക്ക് മുന്നില്‍ വില്ലനായി അവതരിച്ചത്. നീണ്ട
പതിനാല് മാസങ്ങള്‍ കടലിലൂടെ ഒഴുകിനടന്ന ശേഷം ഉപയോഗശൂന്യമായ ആ ബോട്ട് കരയിലേക്ക് അടിഞ്ഞ് കയറുമ്പോള്‍ അതില്‍ 37കാരനായ ആല്‍വരേങ്ങ
തനിച്ചായിരുന്നു, അതും അപകടം നടന്നിടത്ത് നിന്നും എഴായിരത്തോളം മൈലുകള്‍
അകലെ, മാര്‍ഷല്‍ ദ്വീപ് സമൂഹത്തില്‍പെട്ട ഒരു പവിഴ ദ്വീപിലാണ്
ചെന്നെത്തിയത്.
സംഭവമറിഞ്ഞ് ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചു. ഇത്രയും കാലം
കടലില്‍ തനിച്ച്? അതും ഇത്ര ദൂരത്തോളം ഒരു മനുഷ്യന്‍ ഒഴുകി
നടന്നിരിക്കുന്നു...
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആല്‍വരേങ്ങയ്ക്ക് ലോകത്തിന് മുന്നില്‍ പങ്കു വെക്കാനുണ്ടായിരുന്നത്.
അപകടം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം തന്നെ കോര്‍ഡോബ വിടപറഞ്ഞു. മസിലുകള്‍ വലിഞ്ഞു മുറുകി പിടഞ്ഞു വീണ തന്‍റെ സഹയാത്രിന്‍റെ മരണം ആല്‍വരേങ്ങയ്ക്ക് സമ്മാനിച്ച ഷോക്ക് ചില്ലറയല്ല. ആ വേര്‍പാട് താങ്ങാനാകാതെ ആറു ദിവസത്തോളം ആല്‍വരേങ്ങ, കോര്‍ഡോബയുടെ മൃതദേഹത്തോട് സംസാരിച്ചിരുന്നു. ഒടുവില്‍ എപ്പോഴോ അയാള്‍ ആ മൃതദേഹത്തെ കടലിന് തന്നെ വിട്ട്കൊടുത്തു.
ഭക്ഷണം ഒരു പ്രധാന പ്രശ്നം തന്നെയായിരുന്നു. കഴിക്കാന്‍ പച്ചമീനും, കടലാമയുടെ ഇറച്ചിയും. കുടിക്കാന്‍ അതിന്‍റെ രക്തവും, പലപ്പോഴും സ്വന്തം മൂത്രം വരെയും കുടിച്ചാണ് ഇത്രയും കാലം അയാള്‍ ജീവന്‍ നിലനിര്‍ത്തിയത്. ചിലപ്പോഴൊക്കെ ഒന്നും കിട്ടാതാകുമ്പോള്‍ സ്വന്തം നഖം വരെ കടിച്ചു തിന്നും. കോര്‍ഡോബയ്ക്ക് പക്ഷെ ഈ ഭക്ഷണരീതിയോട് യോജിക്കാനായില്ല. ഒട്ടും നിവൃത്തിയില്ലാത്ത സമയത്ത് മാത്രമേ അയാള്‍ മത്സ്യം ഭക്ഷിച്ചിരുന്നൊള്ളൂ.
ആല്‍വരേങ്ങ അനുഭവിച്ചതിന്‍റെ നൂറില്‍ ഒരു ഭാഗമെങ്കിലും ലോകമറിഞ്ഞത് Jonathan Franklin എന്ന എഴുത്തുകാരന്‍ അദ്ദേഹത്തെ സമീപിച്ചതോടെയാണ്. 438 Days: An Extraordinary True Story of Survival at Sea എന്ന പേരില്‍ ആല്‍വരേങ്ങയുടെ ജീവിതം Jonathan Franklin ഒരു പുസ്തകമായി ഇറക്കിയതോടെ ബാക്കി ട്വിസ്റ്റുകളുടെ തുടക്കമായി.
കോര്‍ഡോബ മരിച്ചതല്ല, ആല്‍വരേങ്ങ അവനെ കൊന്ന് ഭക്ഷിച്ചതാണെന്ന വാദവുമായി കോര്‍ഡോബയുടെ കുടുംബം ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. പച്ചമീന്‍ മാത്രം കഴിച്ചുകൊണ്ട് ഒരാള്‍ക്ക് ഇത്രനാളും ജീവന്‍ നിലനിര്‍ത്താനാകില്ലെന്നാണ് അവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നത്.
Roselia Diaz, mother of Ezequiel Córdoba |
"എന്നോട് കോര്‍ഡോബ രണ്ടു കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഒന്ന്, താന്‍ മരിക്കുകയാണെങ്കില്‍ ഒരിക്കലും തന്‍റെ മൃതദേഹം ഭക്ഷിക്കരുത്. രണ്ട്, ഞാന്‍ ഇതില്‍നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ അവന്‍റെ അമ്മയെ പോയി കണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയണം.
എന്നാല്‍കഴിയുന്ന വിധം നന്നായിത്തന്നെയാണ് ഞാന്‍ അവന്‍റെ മൃതദേഹം സംസ്കരിച്ചത്. നല്ലതായിരുന്നതിനാല്‍ അവന്‍റെ ഷോര്‍ട്ട്സ് ഊരിയെടുത്ത് ഞാന്‍ ധരിച്ചു, പിന്നീട് കാലുകള്‍ നന്നായി കഴുകിയ ശേഷമാണ് ബോഡി കടലിലേക്ക് ഇട്ടത്. ഒരിക്കല്‍പ്പോലും അവനെ ഭക്ഷിക്കുന്ന കാര്യം എന്‍റെ മനസ്സില്‍പ്പോലും വന്നിട്ടില്ല, എത്ര വിശന്നിരുന്നാലും ശരി, എനിക്കത് ചെയ്യാന്‍ സാധിക്കുകയുമില്ല."
സംഭവം വിവാദമായപ്പോള്‍ ആല്‍വരേങ്ങ, കോര്‍ഡോബയുടെ മാതാവിനെ സന്ദര്‍ശിച്ച് കാര്യങ്ങളെല്ലാം തന്നെ വീണ്ടും ധരിപ്പിചിരുന്നതുമാണ്.
Jose Salvador Alvarenga meets Roselia Diaz, mother of Ezequiel Cordoba, March 15, 2014. |
"ആല്‍വരേങ്ങ തന്‍റെ സഹയാത്രികനായ കോര്‍ഡോബയെ ഭക്ഷിച്ചു എന്ന് അവര്‍ക്ക് യാതൊരു വിധേനയും കോടതിയില്‍ തെളിയിക്കാനാകില്ല. പിന്നെ ബുക്ക് ഡീലിന് ശേഷമാണ് അവര്‍ ഇങ്ങിനെ ഒരു വാദവുമായി പുറത്ത് വന്നത് എന്നത് കൊണ്ട് തന്നെ സാമ്പത്തികം തന്നെയാണ് അവരുടെ ലക്‌ഷ്യം എന്നതില്‍ യാതൊരു സംശയവുമില്ല."
പോലീസിനോ കോസ്റ്റ് ഗാര്‍ഡിനോ ആല്‍വരേങ്ങയുടെ കഥയില്‍ യാതൊരു സംശയവുമില്ലെന്ന കാര്യം കൂടി ഇതിന്‍റെ കൂടെ കൂട്ടിവായിക്കണം. എന്തായാലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോര്‍ഡോബയുടെ കുടുംബത്തിന്‍റെ തീരുമാനം.