ചെന്നൈ പ്രളയ ദുരന്തത്തിന്‍റെ ഏറ്റവും മനോഹരമായ റിപ്പോര്‍ട്ടിങ്ങ് - Chennai Floods Tej News Epic Fail Reporting

ചെന്നൈ പ്രളയദുരന്തം. 

250ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു, അതിലും എത്രയോ ഇരട്ടി പരിക്കുകളും ദുരിതവും പേറി നടക്കുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍, ഉറ്റവരെയും ഉടയവരെയും കാണാതെ അന്വേഷിച്ച് നടക്കുന്നവര്‍, ദേവദൂതന്മാരെപ്പോലെ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമെത്തിയ രക്ഷാപ്രവര്‍ത്തകര്‍, കാവല്‍ മാലാഘമാരെപ്പോലെ പറന്നിറങ്ങുന്ന സൈനികര്‍, സഹായ ഹസ്തങ്ങളുമായി എത്തിയ മറ്റനേകം സുമനസ്സുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍. കൂടെ ചക്കയില്‍ ഈച്ച പൊതിഞ്ഞ പോലെ മീഡിയാക്കാരും.

ദുരന്തത്തിന്‍റെ ആഴം ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു തന്നെയാണ് മീഡിയകള്‍ വഹിച്ചതെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ഒരു ചാനല്‍ നടത്തിയ വളരെ 'അഭിനന്ദനമര്‍ഹിക്കുന്ന' ഒരു പ്രവര്‍ത്തിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.


പല ചാനലുകളും നഗരത്തില്‍ തന്നെ തമ്പടിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്‍റെ കീഴിലുള്ള തേസ് ന്യൂസ് (Tez News) എന്ന ചാനല്‍ ഈ ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

News Le Lo News എന്ന വാര്‍ത്താ പരിപാടി തുടങ്ങിയത് തന്നെ പ്രളയത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചാണ്. തുടര്‍ന്ന് പെട്ടെന്നാണ് സുന്ദരിയായ അവതാരിക ആ സ്ക്രീനിലേക്ക് കടന്നു വരുന്നത്, "ഞാനിപ്പോള്‍ ചെന്നൈയിലാണ് നില്‍ക്കുന്നത്" എന്ന് പറഞ്ഞു തുടങ്ങിയ അവതാരികയുടെ കാലുകള്‍ അപ്പോള്‍ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന പോലെ ഗ്രാഫിക്സില്‍ മായ്ച്ച് വച്ചിരിക്കുകയായിരുന്നു (ഗ്രീന്‍ സ്ക്രീന്‍ തന്നെ). അല്പം കഴിഞ്ഞപ്പോള്‍ 'ആഴം' കൂടി. അവതാരികയുടെ അര വരെ വെള്ളത്തിലായി. പിന്നെ വെള്ളം താഴ്ന്നപ്പോള്‍ വീണ്ടും പഴയപടി മുട്ടിന് കീഴെ വരെ വെള്ളം, നനഞ്ഞതിന്‍റെ യാതൊരു ലക്ഷണവും ഇല്ലാത്ത വസ്ത്രവും. അത്രയും ആയപ്പോഴേക്കും ഒട്ടും മനസിലാകാത്തവര്‍ക്ക് പോലും കാര്യം പിടികിട്ടി. ഒന്നുകില്‍ നമ്മള് മണ്ടന്മാരാണെന്ന് അവര്‍ കരുതിക്കാണും, അല്ലെങ്കില്‍ ഒന്ന് ചര്‍ച്ച ചെയ്യപ്പെടാന്‍ കാണിച്ച അതിബുദ്ധി.


എന്തായാലും ഓണ്‍ലൈനില്‍ നല്ല വരവേല്‍പ്പാണ് ഇതിന് ലഭിച്ചിരിക്കുന്നത്. വിവിധ കോണുകളില്‍ നിന്നായി ചാനലിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഉള്ളത്-ഉള്ളത്പോലെ കാണിച്ചാല്‍പ്പോരെ, എന്തിന് ഇങ്ങിനെ കോപ്രായം കാണിക്കുന്നു എന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. ഒരു ദുരന്തത്തെ ഇപ്രകാരം നിസ്സാരമായി, അല്ലെങ്കില്‍ വികലമായി റിപ്പോര്‍ട്ട് ചെയ്തത് വഴി ഈ ചാനല്‍ ദുരന്തഭാധിതരെയും, രക്ഷാപ്രവര്‍ത്തകരെയും, ദുരന്ത സ്ഥലത്തുള്ള മറ്റു റിപ്പോര്‍ട്ടര്‍മാരെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കരുതുന്നവരും ഒട്ടും കുറവല്ല.


 
ഈ വര്‍ഷത്തെ മികച്ച ജേര്‍ണലിസ്റ്റിനും വാര്‍ത്താധിഷ്ടിത പരിപാടിക്കുമുള്ള അവാര്‍ഡ് ഇവര്‍ക്ക് ലഭിക്കുമെന്നാണ് ഷെയര്‍ ചെയ്തവരില്‍ പലരും അഭിപ്രായപ്പെടുന്നത്.